
കോഴിക്കോട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി തുടങ്ങിയ കര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പത്മജയുമായി ഇനി സഹോദരി എന്ന നിലയിൽ പോലും ബന്ധമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചതെന്ന് കെ മുരളീധരൻ പറഞ്ഞു. 52000 വോട്ടിന് യുഡിഎഫ് ജയിച്ച മുകുന്ദപുരത്ത് 2004 ൽ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ൽ തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച സീറ്റിൽ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ കൊടുത്താൽ പോരേ? ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവിൽ താൻ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താൻ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാൽ തോൽക്കുമെങ്കിൽ താൻ തോൽക്കണ്ടേയെന്നും മുരളീധരൻ ചോദിച്ചു.
ജനങ്ങൾക്ക് വിധേയമായി നിൽക്കണം. പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ കരുണാകരൻ വര്‍ഗീയതയോട് സന്ധി ചെയ്തില്ല. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഒന്നാം സ്ഥാനത്തെത്തും എന്ന് കരുതുന്ന മണ്ഡലത്തിലടക്കം ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും. പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താൻ ബിജെപിയിൽ പോയിട്ടില്ല.
അച്ഛൻ സാമ്പത്തിക പ്രയാസം ധാരാളം അനുഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാര്‍ട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ആദരിച്ചു, അവരെ മറന്നില്ല. 1978 ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ രാഷ്ട്രീയ അന്ത്യമാകുമെന്ന് കരുതി, അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. ഇപ്പോഴത്തെ പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം. വടകരയിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വര്‍ഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam