
തിരുവനന്തപുരം : വയനാട്ടിൽ ഒരു സ്ത്രീയെ കടുവ കടിച്ചുകൊന്നതിനെതിരെ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുന്നതിനിടെ സ്ഥലത്തെത്താതെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോയ മന്ത്രി എകെ ശശീന്ദ്രന്റെ നടപടിക്കെതിരെ വിമർശനം.
ഒരു പ്രദേശം മുഴുവൻ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നഗരത്തിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്ത വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടുന്നു വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനമുയർന്നത്. സ്വകാര്യ പരിപാടിയിൽ പാട്ടു പാടിയ മന്ത്രി എ കെ ശശീന്ദ്രന്റെ പ്രവർത്തി റോമാസാമ്രാജ്യം കത്തിയപ്പോൾ ചക്രവർത്തി വീണ വായിച്ചത് പോലെയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വിമർശിച്ചു. കേരളത്തോട് വനം മന്ത്രി മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
പാലക്കാട്ടെ ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിക്കും എം ബി രാജേഷിനും മാത്രമാണ് താല്പര്യമുള്ളതെന്നും സ്ഥലത്ത് ബ്രൂവറി അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. എൽഡിഎഫിലെ സഖ്യകക്ഷിയായ സിപിഐക്ക് പോലും ബ്രൂവറി വിഷയത്തിൽ താല്പര്യമില്ല. പാലക്കാട് ബ്രൂവെറി യൂണിറ്റ് സ്ഥാപിക്കില്ല. ഇത് ഒരു കാരണവശാലും നടത്താൻ കോൺഗ്രസ് അനുവദിക്കില്ല. ഇതിനെതിരെ ഏതറ്റം വരെയും പോകുമെന്നും മുരളീധരൻ അറിയിച്ചു.
കെപിസിസി പ്രസിഡണ്ടിനെ മാറ്റുമോ ?
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റണമെന്നതിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നാണ് മുരളീധരന്റെ മറുപടി.
യുഡിഎഫിന് ഭൂരിപക്ഷം കിട്ടാനുള്ള എല്ലാ കാര്യങ്ങളും നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ഭരണത്തിൽ ആർക്കും അതൃപ്തിയില്ല.പ്രതിപക്ഷ നേതാവിന്റെ സർവ്വേയിൽ ഒരു തെറ്റുമില്ല.പിണറായിയെ ഭരണത്തിൽ നിന്ന് ഇറക്കുന്നതുവരെ തങ്ങൾക്ക് വിശ്രമം ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam