
വയനാട്: കോൺഗ്രസ് ലീഡേഴ്സ് മീറ്റിലെ കെ പി സി സി അധ്യക്ഷന്‍റെ പ്രസംഗത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എം പി രംഗത്ത്. ക്യാമ്പിനുള്ളിൽ സുധാകരൻ പറഞ്ഞ കാര്യത്തിൽ പുറത്ത് ചർച്ച വേണ്ടെന്നാണ് മുരളീധരൻ അഭിപ്രായപ്പെട്ടത്. അത് പാർട്ടിയുടെ ആഭ്യന്തര വിഷയമാണ്. ഇന്നും നാളെയുമായിട്ടുള്ള ക്യാമ്പിൽ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളുടെ കാര്യങ്ങളിലും ചർച്ചയുണ്ടാകും. ഒപ്പം തന്നെ പാർട്ടിയുടെ മുന്നോട്ട് പോക്കിന് ഉതകുന്ന കാര്യങ്ങളെ സംബന്ധിച്ചും ചർച്ച നടക്കുമെന്നും ഇതുവരെയുള്ള പോരായ്മകളിൽ നിന്നുള്ള തിരുത്തലുകളുമുണ്ടാകുമെന്നും മുരളി അഭിപ്രായപ്പെട്ടു.
'പുനഃസംഘടന പൂർത്തിയായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരില്ല'; തുറന്നടിച്ച് കെ സുധാകരൻ
അതേസമയം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ മുരളീധരൻ വിമർശനം അഴിച്ചുവിട്ടു. വിദേശയാത്ര തടഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്നും അതുകൊണ്ടാണ് വിദേശയാത്ര തടഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടാത്തതെന്നും മുരളി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ബി ജെ പി ഏറ്റെടുക്കുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ഓഫീസിൽ വരെ കയറിയ ഇ ഡി കേരളത്തിലെ കേസുകളിൽ അനക്കമില്ലെന്നും മുരളി ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനായ സി എം രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം ഇ ഡിക്ക് അനക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ രാവിലെ രൂക്ഷമായ വിമർശനമാണ് നേതാക്കൾക്കെതിരെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ നടത്തിയത്. പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്നടക്കം കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. പ്രതീക്ഷക്കൊത്ത് കെ പി സി സിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും സുധാകരൻ ലീഡേഴ്സ് മീറ്റിൽ തുറന്നടിച്ചു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ പരാതിപ്പെട്ടു. രാഷ്ട്രീയ നയരൂപീകരണ ചർച്ചകൾക്കായാണ് കെ പി സി സി വയനാട്ടിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. കെ പി സി സി ഭാരവാഹികൾ, എം പി മാർ എം എൽ എമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡി സി സി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട.