
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഉൾപ്പെടെ വെൽഫയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ. 2016 ൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരൻ വിവരിച്ചു. ബി ജെ പിക്ക് ബദൽ കോൺഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ച നയത്തിന്‍റെ തുടർച്ചയാണ് ഈ പിന്തുണ. തമിഴ്നാട്ടിൽ ഈ പിന്തുണ കോൺഗ്രസും സി പി എമ്മും ഉൾപ്പെടുന്ന മുന്നണിക്കും കിട്ടിയിട്ടുണ്ട്. മോദിയെ വിമർശിക്കാതെ, രാഹുൽ ഗാന്ധിയെ മാത്രം വിമർശിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാർട്ടിക്കും വെൽഫയർ പാർട്ടിയുടെ പിന്തുണ എങ്ങനെ കിട്ടുമെന്നും കെ മുരളീധരൻ ചോദിച്ചു.
അതിനിടെ ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐയുടേയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി സി എം പി നേതാവ് സിപി ജോണും രംഗത്തെത്തി. വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണമെന്നതാണ് നിലപാട്. എസ് ഡി പി ഐ ഉൾപ്പടെയുള്ളവർ മതേതര പക്ഷത്ത് വരണമെന്നും ജോൺ ആവശ്യപ്പെട്ടു. അടുത്ത തവണ അധികാരത്തിലേറാമെന്ന് യു ഡി എഫിന് അമിത ആത്മവിശ്വാസം പാടില്ലെന്നും പണിയെടുത്താലേ ജയിക്കുകയുള്ളു എന്നകാര്യം മറക്കരുതെന്നും സി പി ജോൺ കൂട്ടിച്ചേർത്തു.
നേരത്തെ എസ് ഡി പി ഐ, വെൽഫെയർ പാർട്ടി എന്നിവരെ മുന്നിൽ നിർത്തി സി പി എം തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞിരുന്നു. ജമാ അത്തെ ഇസ്ലാമി ഹിറാ സെന്‍ററിൽ ഏത് സി പി എം നേതാവാണ് പോവാത്തതെന്നും പി എം എ സലാം ചോദിച്ചിരുന്നു. സി പി എമ്മിനെ അനുകൂലിച്ചാൽ നല്ല പാർട്ടി എതിർത്താൽ മോശം പാർട്ടി ഇതാണ് അവരുടെ നിലപാട്. എസ് ഡി പി ഐ ഉണ്ടാക്കിയത് ലീഗിനെ എതിർക്കാനാണ്. അതിനാൽ എസ് ഡി പി ഐയുടെ കാര്യത്തിൽ ലീഗിന്‍റെ നിലപാട് വ്യക്തമാണെന്നും പി എം എ സലാം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam