'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല'; കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

By Web TeamFirst Published Sep 14, 2021, 11:24 AM IST
Highlights

'വിയര്‍പ്പും രക്തവും സംഭാവന ചെയ്ത കോണ്‍ഗ്രസിനോട് വിട പറയുന്നു. സുധാകരന്‍ കെപിസിസി പിടിച്ചത് താലിബാന്‍  അഫ്‍ഗാനിസ്ഥാന്‍  പിടിച്ചെടുത്തത് പോലെ. കെഎസ് ബ്രിഗേഡെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ആക്രമണം'. 

തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.  

അനില്‍ കുമാറിന്‍റെ വാക്കുകള്‍ 

ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന.സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കി. ഇപ്പോഴത്തെ നേതൃത്വത്തിന്‍റേത് ഏകാധിപത്യ പ്രവണത. ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്‍കി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ല.  വിയര്‍പ്പും രക്തവും സംഭാവന ചെയ്ത കോണ്‍ഗ്രസിനോട് വിട പറയുന്നു. സുധാകരന്‍ കെപിസിസി പിടിച്ചത് താലിബാന്‍  അഫ്‍ഗാനിസ്ഥാന്‍  പിടിച്ചെടുത്തത് പോലെ. കെഎസ് ബ്രിഗേഡെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ആക്രമണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!