
പാലക്കാട്: ലൈംഗികാരോപണ കേസിൽ നടനും എംഎൽഎയുമായ എം മുകേഷിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണ തെറ്റെന്ന് കെ രാധാകൃഷ്ണൻ എം.പി. കുറ്റാരോപിതർ എത്ര ഉന്നതരായാലും പാർട്ടി അവരെ സംരക്ഷിക്കില്ല. തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ല. കമ്മിറ്റി റിപ്പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല. തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ നിർദ്ദേശം നൽകും. മൊഴി നൽകിയവർക്കും പരാതി നൽകുന്നവർക്കും സംരക്ഷണം ഒരുക്കും. എല്ലാ മേഖലയിലെയും തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
രാജിക്കാര്യത്തിൽ മുകേഷും സിപിഎമ്മും തീരുമാനമെടുക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട്. ആരോപണ വിധേയനായ ലോയേഴ്സ് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവർത്തികൾ തുടങ്ങാനുള്ള സമയമാണ്. കോൺഗ്രസ് നേതാക്കൾക്ക് എതിരായ ആരോപണങ്ങളിൽ മുൻപ് നടപടി എടുത്തിട്ടുണ്ട്. എൽദോസ് കുന്നപ്പള്ളിയെ ആറ് മാസം പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കോടതിയിൽ കേസിലെ മറ്റൊരു ആസ്‌പെക്ട് വന്നപ്പോഴാണ് തിരിച്ചെടുത്തത്. എം മുകേഷ് എംഎൽഎയ്ക്കെതിരെ ഒന്നല്ല നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പരാതികളിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam