സിൽവർലൈൻ ഡിപിആർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചത്; അവകാശവാദവുമായി കെ റെയിൽ

Published : Jul 26, 2022, 05:39 PM IST
സിൽവർലൈൻ ഡിപിആർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചത്; അവകാശവാദവുമായി കെ റെയിൽ

Synopsis

ഡിപിആർ, സർവ്വേ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമാണെന്നും അതെല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതുമാണെന്നും കെ-റെയിൽ ഉപദേഷ്ടാവ് എസ് വിജയകുമാരൻ പറഞ്ഞു

തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് റെയിൽവേ പദ്ധതിയുടെ ഡി പി ആറിനേക്കാളും വിശദാംശങ്ങൾ അടങ്ങിയതാണ് സിൽവർലൈൻ ഡി പി ആറെന്ന അവകാശവാദവുമായി കെ റെയിൽ കമ്പനി രംഗത്ത്. ഒരു ഡിപിആർ തയ്യാറാക്കുമ്പോൾ പാലിക്കണ്ട എല്ലാ മാനദണ്ഡങ്ങളും കെ റെയിൽ പാലിച്ചിട്ടുണ്ടെന്നും ഡിപിആർ, സർവ്വേ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമാണെന്നും അതെല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതുമാണെന്നും കെ-റെയിൽ ഉപദേഷ്ടാവും ഇന്ത്യൻ റെയിൽവേയുടെ റിട്ടയേർഡ് അഡീഷണൽ ജനറൽ മാനേജറുമായി എസ് വിജയകുമാരൻ പറഞ്ഞു.

കെ റെയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പ്

സാമൂഹികാഘാത പഠനം നടത്തുന്നതിന് വേണ്ടിയാണ് കല്ലിട്ട് സ്ഥലം അടയാളപ്പെടുത്തി സർവ്വേ നടത്തിയത്. പിന്നീട് ജിയോ ടാ​ഗിങ് സംവിധാനത്തിലേക്ക് മാറി. സിൽവർലൈൻ പദ്ധതിക്ക് വേണ്ടി ടോപ്പോഗ്രഫിക്കൽ സർവ്വേ നടത്തിയത് ലിഡാർ സംവിധാനം ഉപയോഗിച്ചാണ്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും നൂതനമായ സംവിധാനമാണിത്. വളരെ കൃത്യമായ ഫലമാണ് ഇതുവഴി ലഭിക്കുന്നത്. ആളുകൾക്ക് ഒരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഏരിയൽ സർവ്വേ വഴി ഉണ്ടാവുകയില്ല എന്നത് മെച്ചമാണെന്നും കെ-റെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ജയകുമാർ പറഞ്ഞു. കാസർഗോഡ്-തിരുവനന്തപുരം അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനുമായി ബന്ധപ്പെട്ട് കെ-റെയിൽ നടത്തിയ ജനസമക്ഷം സിൽവർലൈൻ ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കെ റെയില്‍ പദ്ധതി നല്ലതാണ്', പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി

സിൽവർലൈൻ പദ്ധതിക്ക് വേണ്ടി 55% എംബാങ്ക്‌മെന്റും 45% വയഡക്റ്റും എന്നത് ചെലവ് കുറയ്ക്കാൻ വേണ്ടി കൂടിയുള്ള തീരുമാനമാണെന്ന് എസ്.വിജയകുമാരൻ പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ഭൂരിഭാഗം പാതകളും എംബാങ്ക്‌മെന്റിലൂടെയാണ് കടന്നുപോകുന്നത്. 80 വർഷത്തിലധികമായി കേരളത്തിലൂടെ റെയിൽപ്പാത കടന്നുപോകുന്നു. എവിടെയും വെള്ളപ്പൊക്കമുണ്ടായിട്ടില്ല. ഇന്ത്യയിലൊരിടത്തും റെയിൽവേ ലൈൻ കാരണം വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. ഇതിനു കാരണം ഇന്ത്യൻ റെയിൽവേയുടെ നയങ്ങളാണ്. മുമ്പുണ്ടായ വെള്ളപ്പൊക്കങ്ങളുടെ പരമാവധി ഡാറ്റ ശേഖരിച്ചാണ് ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. റെയിൽവേയുടെ റിസർച്ച് ഡിസൈൻ ഓർഗനൈസേഷനും സെൻട്രൽ വാട്ടർ കമ്മീഷനും സംയുക്തമായാണ് ഈ പഠനങ്ങൾ നടത്തുന്നത്. മുപ്പത് വർഷമായി അവർ നടത്തിയ പഠനങ്ങൾ ലഭ്യമാണ്. പഠനങ്ങൾ പ്രകാരം കേരളം 5എ 5ബി 5സി എന്ന് തരം തിരിച്ചിട്ടുള്ള സബ്‌സോണൽ റിപ്പോർട്ട് പരിധിയിലാണ് വരുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി തരംതിരിച്ച് വളരെ ആഴത്തിൽ പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടാണിത്. ഈ റിപ്പോർട്ട് പ്രകാരം രൂപകൽപ്പന ചെയ്യുന്ന ഒരു നിർമ്മാണങ്ങളും ഒരു തരത്തിലും കേരളത്തിൽ വെള്ളപ്പൊക്കമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിലിന്റെ ഫേയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും ലൈവായി നടന്ന പരിപാടിയിൽ സെക്ഷൻ എൻജിനീയർ പ്രശാന്ത് സുബ്രഹ്മണ്യം, പിആർ കോർഡിനേറ്റർ പി.ടി മുഹമ്മദ് സാദിഖ് എന്നിവരും പങ്കെടുത്തു.

വിവിധ ചോദ്യങ്ങൾക്ക് കെ-റെയിൽ അധികൃതർ നൽകിയ മറുപടികൾ:

*സാമൂഹികാഘാത പഠനത്തിനു വേണ്ടിയുള്ള വിജ്ഞാപനം സർക്കാർ വീണ്ടും പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

*ബഫർ സോണിനെക്കുറിച്ചും ജനത്തിനിടയിൽ നിന്നും ചോദ്യമുയർന്നു. സിൽവർലൈനിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ ബഫർ സോണിൽ വരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ ഉപയോ?ഗിക്കാൻ കഴിയാത്തവിധം മരവിപ്പിക്കുകയോ ചെയ്യില്ല. എന്നാൽ പദ്ധതി നടപ്പിലായതിന് ശേഷം അനുമതിയില്ലാതെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ അവിടെ നടത്താൻ കഴിയില്ല. ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ നഷ്ടപരിഹാരം നൽകും. സാധാരണഗതിയിൽ ബഫർ സോണിലുള്ള സ്ഥലം റെയിൽവേ ഏറ്റെടുക്കാറില്ല.

*പദ്ധതിക്ക് കേന്ദ്രനുമതി വൈകുന്നതിനനുസരിച്ച് നിർമ്മാണച്ചെലവിലും വർദ്ധനവ് ഉണ്ടാവും.

*2013ൽ നിലവിൽ വന്ന ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചു മാത്രമേ ഏതൊരു പദ്ധതിക്കും സ്ഥലം ഏറ്റെടുക്കാൻ കഴിയുകയുള്ളു. സെക്ഷൻ 38-ൽ അനുശാസിച്ചിരിക്കുന്നതനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂവുടമയ്ക്ക് മുഴുവൻ നഷ്ടപരിഹാരവും ലഭ്യമായെന്ന് ജില്ലാ കളക്ടർ ഉറപ്പ് വരുത്തണം. പുനരധിവാസവും കൃത്യമായി നടപ്പാക്കണമെന്നും നിയമത്തിൽ പറയുന്നു. 2013ൽ നിലവിൽ വന്ന നിയമം പാലിച്ചുതന്നെ ആയിരിക്കും സർക്കാരും കെ-റെയിലും പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

*കേരളത്തിലാകെ 5 റോറോ സ്റ്റേഷനുകളാണ് നിലവിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് ആവശ്യം ഉയർന്നാൽ മാത്രം കൂടുതൽ സ്റ്റേഷനുകൾ അനുവദിക്കും.

*സാമൂഹികാഘാത പഠനം നടത്തിയ ശേഷം ഒരു ഡ്രാഫ്റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഒരു പബ്ലിക് ഹിയറിങ് നടത്തും. അതിൽ ജനപ്രതിനിധികൾ, കളക്ടർ, റെവന്യൂ അധികാരികൾ തുടങ്ങിയവർ പങ്കെടുക്കും. ആ ഹിയറിങ്ങിൽ ജനത്തിനും അവരുടെ ആശങ്കകൾ പങ്കുവെയ്ക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും