
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതിയെന്ന് സംസ്ഥാനം. നിയമ വകുപ്പുമായി ആലോചിച്ച് തീരുമാനം എടുക്കാനാണ് റവന്യു വകുപ്പിന്‍റെ നീക്കം. 9 ജില്ലകളിലെ സർവെക്കുള്ള കാലാവധി തീർന്നു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ കാലാവധി 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറ് ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ട്. അനുമതിയിൽ അനിശ്ചിതത്വം നിലനിൽക്കേ കേന്ദ്രത്തെ പഴിച്ച് വിവാദത്തെ നേരിടാനാണ് സർക്കാർ ശ്രമം.
സിൽവർ ലൈൻ പദ്ധതിയിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. കെ റെയിൽ ബ്രാൻഡ് അംബാസിഡർ ആയിരുന്ന മുഖ്യമന്ത്രിക്ക് തന്നെ പഴയ ആവേശമില്ല. എന്ത് വില കൊടുത്തും അതിവേഗ പാത നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രിയും കേന്ദ്രത്തിന്‍റെ എതിർപ്പ് മനസ്സിലാക്കിക്കഴിഞ്ഞു. കേന്ദ്രനിലപാട് മൂലം പല തടസ്സങ്ങളും നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ഇന്നലെ തുറന്ന് സമ്മതിച്ചു. ധൃതിപിടിച്ച് നടത്തിയ നീക്കങ്ങളെല്ലാം അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് പറഞ്ഞ് കേന്ദ്രത്തെ പഴിച്ചാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. സുപ്രധാന പദ്ധതിക്കായി എല്ലാവരും കൈകോർക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറയുമ്പോഴും കേന്ദ്രം മുഖം തിരിഞ്ഞുനിൽക്കുന്നതിനാൽ ഇനി നടക്കുമോ എന്ന ആശങ്കയിലാണ് സർക്കാർ. കോടതിയിൽ കേന്ദ്ര സർക്കാറും റെയിൽവെയും സ്വീകരിക്കുന്ന ശക്തമായ എതിർപ്പും കേരളം മനസ്സിലാക്കുന്നു.
അതേസമയം, കാലാവധി തീർന്നിട്ടും സാമൂഹ്യാഘാത പഠനത്തിനുള്ള വിജ്ഞാപനം സർക്കാർ ഇതുവരെ പുതുക്കി ഇറക്കിയില്ല. കല്ലിടലിന് പകരമുള്ള ജിയോ ടാഗിംഗും ഒന്നുമായിട്ടില്ല. മലപ്പുറം, തൃശൂർ ഒഴികെയുള്ള 9 ജില്ലകളിലെയും സാമൂഹ്യഘാത പഠനത്തിന്‍റെ കാലാവധി ഈ മാസം ആദ്യത്തോടെ തീർന്നു. ആറ് മാസമായിരുന്നു കാലാവധി. ഒരിടത്തും നൂറ് ശതമാനം സർവ്വെ തീർന്നിട്ടില്ല. നിയമവകുപ്പിന്‍റെ അഭിപ്രായം കൂടി കേട്ടശേഷം വിജ്ഞാപനം പുതുക്കുന്ന കാര്യം പരിശോധിക്കുമെന്നാണ് റവന്യു വകുപ്പ് വിശദീകരണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മെയ് 16നായിരുന്നു കല്ലിട്ടുള്ള സർവ്വെയിൽ നിന്നും സർക്കാർ പിന്മാറിയത്. പകരം പറഞ്ഞത് ജിപിഎസ് സർവ്വേയും ജിയോ ടാഗിംഗും. അതും ഒന്നുമായില്ല. ആകെ നടക്കുന്നത് കെ റെയിലിന്‍റെ ഓൺ ലൈൻ സംവാദങ്ങൾ മാത്രമാണ്. സ്ത്രീകളെയും കുട്ടികളെയും അടക്കം ബലം പ്രയോഗിച്ച് മാറ്റിയുള്ള സർവ്വ് വലിയ പ്രക്ഷോഭത്തിലേക്ക് മാറുമ്പോഴൊക്കെ പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും ചോദിച്ചത് കേന്ദ്രാനുമതി കിട്ടിയിട്ട് പോരെ ഇതെല്ലാം എന്നായിരുന്നു. അന്നൊക്കെ വാശി പിടിച്ച് എതിർപ്പുകൾ തള്ളിയ സർക്കാറിന്‍റെ യൂ ടേണിന് കാരണം കേന്ദ്ര നിലപാട് മാത്രമല്ല. ജനങ്ങൾക്കിടയിലെ കടുത്ത എതിർപ്പും പ്രധാന ഘടകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam