
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് റവന്യൂമന്ത്രി കെ രാജന്‍ (K Rajan). എന്‍ഡിആര്‍എഫിന്‍റെ (ndrf) ആറ് ടീം തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സേനാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 27 ക്യാമ്പുകൾ പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്ഥലത്തും ക്യാമ്പുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറയിച്ചു. ഇന്നും നാളെയുമായി ഒന്‍പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam