
തിരുവനന്തപുരം : എല്ലാ തലങ്ങളിലും അധഃപതിച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി തറ കൊള്ള നടത്തുന്നു. എന്നിട്ടും തല ഉയർത്തി പിടിച്ച് മുഖ്യമന്ത്രി നടക്കുന്നു. ഇടത് പക്ഷത്തിൽ നിന്ന് പോലും അഭിപ്രായ ഭിന്നത ഉയരുന്നുണ്ട്. തദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇതിന്റെ തെളിവാണ്. ഇടതുപക്ഷത്ത് പോലും പുനരാലോചന നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തത് സിപിഎമ്മിന്റെ രാഷ്ട്രീയവത്കരണമാണെന്നും സുധാകരൻ പറഞ്ഞു.
കളക്ടറേ അല്ല എറണാകുളം കോർപറേഷനെ ആണ് ശിക്ഷിക്കേണ്ടതെന്ന് കളക്ടർ രേണു രാജിനെ സ്ഥലം മാറ്റിയതിൽ സുധാകരൻ പറഞ്ഞു. ബ്രഹ്മപുരത്ത് കലക്ടർ എന്ത് പിഴച്ചു? നഗരസഭയാണ് ഉത്തരവാദി. മുഖ്യമന്ത്രിയെ പാർട്ടി സെക്രട്ടറി നിയന്ത്രിക്കണം. അന്തസ്സുള്ള മുഖ്യമന്ത്രി ആകാൻ ഉപദേശിക്കണം. ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത വിധി പറയുന്നില്ല. ഒരു വർഷമായി കേസിന്റെ ഹിയറിങ് കഴിഞ്ഞിട്ട്.
ഗവർണർ ഒതുങ്ങി, കീഴടങ്ങിയെന്നാണ് തോന്നുന്നത്. ഗുരുതരമായ അഴിമതി ദുരിതാശ്വാസ നിധിയിൽ ഉണ്ടായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
എംകെ രാഘവൻ നേതൃത്വത്തെ വിമർശിച്ചത് അനുചിതമായിപ്പോയെന്നും സുധാകരൻ പ്രതികരിച്ചു. നടപടി വേണമെന്നോ എന്ന് എഐസിസിയുമായി ആലോചിച്ചു തീരുമാനിക്കണം. ആർഎസ്എസുമായുള്ള ബന്ധം കൊണ്ടാണ് നൗഫലിനെതിരെയുള്ള ജയരാജന്റെ വിമർശനം. കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ മാർച്ച് 13ന് രാജ് ഭവൻ മാർച്ച് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കും. സുധാകരൻ വ്യക്തമാക്കി.