' മോന്തായം വളഞ്ഞാല്‍ 64 കഴുക്കോലും വളയും,40 കേസുകളിലെ പ്രതി എസ്എഫ്ഐയെ  നയിച്ചാല്‍  ഇതിനപ്പുറം സംഭവിക്കും'

Published : Jun 20, 2023, 06:59 PM IST
' മോന്തായം വളഞ്ഞാല്‍ 64 കഴുക്കോലും വളയും,40 കേസുകളിലെ പ്രതി എസ്എഫ്ഐയെ  നയിച്ചാല്‍  ഇതിനപ്പുറം സംഭവിക്കും'

Synopsis

എസ്എഫ്ഐക്കാരുടെ നെറികേടുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, തനിക്കെതിരേ ആയിരം നാവുമായി അശ്ലീലം പറഞ്ഞ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍റെ   നാവിറങ്ങിപ്പോയോ എന്ന് കെ.സുധാകരന്‍  

തിരുവനന്തപുരം;എസ്എഫ്ഐക്കാരുടെ നെറികേടുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ തനിക്കെതിരേ ആയിരം നാവുമായി അശ്ലീലം പറഞ്ഞ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ  നാവിറങ്ങിപ്പോയോ എന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ചോദിച്ചു. ഗോവിന്ദന്‍റെ   അശ്ലീല പ്രയോഗം തിരിഞ്ഞുകുത്തിയതോടെ അദ്ദേഹം മഹാമൗനത്തിലേക്ക് ആണ്ടുപോയി. വ്യാജരേഖകളുടെ പരമ്പര തന്നെ ഉണ്ടാക്കിയ വിദ്യയും ആള്‍മാറാട്ടം നടത്തിയ വിശാഖും ഒളിവിലായിട്ട് ആഴ്ചകള്‍ പിന്നിട്ടു. ഇവര്‍ എവിടെയാണെന്ന് പോലീസ് ഗോവിന്ദനോടു ചോദിച്ചാല്‍ കൃത്യം സ്ഥലം അറിയാം. വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കായങ്കുളം എംഎസ്എം കോളജില നിഖിലിനെക്കൂടി ഉടനേ ഒളിസങ്കേതത്തില്‍ എത്തിക്കേണ്ടി വരും.

കേരളത്തിന്‍റെ  പുകള്‍പെറ്റ വിദ്യാഭ്യാസമേഖല ഇന്ന് എസ്എഫ്ഐ ഗുണ്ടകള്‍ മൂലം ലോകത്തിനു മുന്നില്‍ നാണംകെട്ടു നില്ക്കുകയാണ്. വിദേശപര്യടനത്തിനിടയില്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യപ്പെട്ടു കാണും. 40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ എസ്എഫ്ഐയെ  നയിച്ചാല്‍  ഇതിനപ്പുറം സംഭവിക്കും. പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കുന്നവരെയാണ് ഇവര്‍ മാതൃകയാക്കിയത്.   മോന്തായം വളഞ്ഞാല്‍ 64 കഴുക്കോലും വളയുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

എഐ ക്യാമറ തട്ടിപ്പ് പദ്ധതിക്കെതിരേ ഉണ്ടായ ഹൈക്കോടതിയുടെ  കനത്ത പ്രഹരം  വിദേശവാസത്തിനുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രിക്ക് കേരളത്തിനു നല്കാവുന്ന ഏറ്റവും നല്ല വരവേല്‍പ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ  പെട്ടി നിറയ്ക്കാന്‍ ഇനി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.അടിമുടി അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഈ പദ്ധതി സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് വശംകെടുന്ന ജനങ്ങളുടെമേല്‍ അടിച്ചേല്പിച്ചതാണ്. ഖജനാവും മുഖ്യമന്ത്രിയുടെ പെട്ടിയും  നിറയുന്നതുപോലെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കോണ്‍ഗ്രസും യുഡിഎഫും നടത്തിയ നിരന്തരമായ പോരാട്ടവും പ്രചാരണവും പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവന്നു. ഇരുചെവിയറിയാതെയും യാതൊരു തയാറെടുപ്പുമില്ലാതെയും നടപ്പാക്കിയ ഈ പദ്ധതിക്കെതിരേ ജനങ്ങളെ അണിനിരത്താന്‍ കോണ്‍ഗ്രസിനു സാധിച്ചു. എഐ ക്യാമറ പദ്ധതിയിലെ അഴിമതി വ്യവസ്ഥകള്‍ പൂര്‍ണമായി നീക്കം ചെയ്തശേഷമേ  നടപ്പാക്കാവൂ എന്നും ഇതു സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍റെ  ആവശ്യത്തിന് പ്രസക്തി വര്‍ധിച്ചെന്നും സുധാകരന്‍ പറഞ്ഞു.  

 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ