മേയര്‍ക്കെതിരായ അന്വേഷണം വെറും പ്രഹസനം, വിജിലൻസ് എവിടെ? പോരാട്ടം ശക്തമാക്കുമെന്നും കെ സുധാകരൻ

By Web TeamFirst Published Dec 2, 2022, 7:10 PM IST
Highlights

സി പി എമ്മിന്റെ കേന്ദ്രീകൃത വേദിയായി സര്‍വകലാശാലകളെ മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: എ ല്‍ഡി എഫ് ഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സത്യഗ്രഹത്തില്‍ 28-ാം ദിവസം സമരവേദിയില്‍ സംസാരിക്കുക ആയിരുന്നു കെ പി സി സി പ്രസിഡന്‍റ്. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മേയര്‍ക്കെതിരായ അന്വേഷണം വെറും പ്രഹസനമാണ്. വിജിലന്‍സ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചു. അത് പ്രതീക്ഷിച്ചതാണെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

സര്‍വ്വത്ര മേഖലയിലും സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയും വിശ്വാസ്യതയും ഈ സര്‍ക്കാര്‍ തകര്‍ത്തു. സര്‍വകലാശാലകളിലെ വഴിവിട്ട നിയമനങ്ങളെ മുഖ്യമന്ത്രിയുടെ ശുപാര്‍ശയിന്‍മേല്‍ അംഗീകാരം നല്‍കിയ ഗവര്‍ണ്ണര്‍ അവയെ പ്രോത്സാഹിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് വ്യവസ്ഥാപിതമായ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തിയാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നത്. ഇത് തെറ്റാണെന്നും അതിനെതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും തുടര്‍സമരങ്ങളിലൂടെ കോണ്‍ഗ്രസിനും യു ഡി എഫിനും കഴിഞ്ഞു. സി പി എമ്മിന്റെ കേന്ദ്രീകൃത വേദിയായി സര്‍വകലാശാലകളെ മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ത്യയിലെ മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിൽ, ചരിത്രം പ്രത്യേക വിഭാഗത്തിന്റേതാക്കാൻ ശ്രമം: മുഖ്യമന്ത്രി

കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്‍, ജി.എസ്. ബാബു, കെ. ജയന്ത്, മരിയാപുരം ശ്രീകുമാര്‍, ജി. സുബോധന്‍, കെപിസിസി ട്രഷറര്‍ വി .പ്രതാപചന്ദ്രന്‍, വി.എസ്.ശിവകുമാര്‍, ശരത് ചന്ദ്രപ്രസാദ്, വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, ബീമാപ്പള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

click me!