
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരൻ ചോദിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 20 മുനിട്ട് സുധാകരൻ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു.
വാര്‍ത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്‍റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. പത്രക്കാരോട് വരാൻ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിക്കുമ്പോള്‍ മൈക്കും ക്യാമറയും ഓണ്‍ ആണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സതീശൻ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്.
നേരത്തെ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്താ സമ്മേളനം. 10 മണിക്ക് നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരൻ എത്തിയത്.
തുടര്‍ന്ന് 10.50 വരെ പ്രതിപക്ഷ നേതാവ് വരുന്നതിനായി കെപിസിസി പ്രസിഡന്‍റ് കാത്തിരുന്നു. എന്നിട്ടും സതീശൻ എത്താതിരുന്നതോടെയാണ് ഇയാള്‍ എവിടെ പോയി കിടക്കുകയാണ് എന്നും തുടര്‍ന്ന് ഒരു അസഭ്യ വാക്കും സുധാകരൻ പറഞ്ഞത്. ഏകദേശം 11 മണിയോടെയാണ് സതീശൻ എത്തിയത്. പ്രസിഡന്‍റിന്‍റെ നീരസം മനസിലാക്കിയ സതീശൻ 11.05നല്ലേ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത് എന്ന് പറയുന്നുണ്ട്. ഒരു ചെസ് ടൂർണമെന്റിൽ ആശംസ അറിയിക്കാൻ പോയത് കാരണമാണ് വൈകിയതെന്ന് വി ഡി സതീശൻ സുധാകരനോട് പറയുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam