'അനാഥരാക്കപ്പെട്ട പിതാക്കൻമാര്‍‌, അവരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്'; കുറിപ്പുമായി കെ സുധാകരന്‍

By Web TeamFirst Published Jun 20, 2021, 5:13 PM IST
Highlights

''കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാരുണ്ട്''.ഫേസ്ബുക്ക് കുറിപ്പിനൊപ്പം കെ സുധാകരന്‍ പങ്കുവച്ച ചിത്രം

കണ്ണൂര്‍: ലോക പിതൃദിനത്തില്‍ വൈകാരികമായ കുറിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കൈയില്‍ മൂവര്‍ണക്കൊടി പിടിപ്പിച്ചുതന്ന് തന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്റെ മുഖം എന്നും തനിക്ക് ഊര്‍ജ്ജമായിരുന്നുവെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.   അനാഥരാക്കപ്പെട്ട പിതാക്കൻമാരെ എനിക്കറിയാം, അവരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.

കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാരുണ്ട്. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നുവെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അമ്മ സ്നേഹമാണെങ്കിൽ അച്ഛൻ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയർപ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവർ തളരുമ്പോൾ വീഴാതെ താങ്ങായി കൂടെ നിൽക്കുന്ന, സ്നേഹത്തോടെയും കാർക്കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നൽകുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകൾ.

ഞാനും അച്ഛൻ എന്ന വാക്ക് കേൾക്കുമ്പോൾ സുരക്ഷിതത്വത്തിന്റേയും സമാധാനത്തിന്റേയും തണലനുഭവിച്ചിരുന്നു. മൂവർണ്ണക്കൊടി കയ്യിൽ പിടിപ്പിച്ചു തന്ന് എന്നെ കോൺഗ്രസു കാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊർജ്ജമായിരുന്നു. അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.

ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും  അച്ഛൻമാർ. കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!