
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘനാളത്തെ വ്യക്തിബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനകാലം മുതല്‍ തുടങ്ങിയ ആത്മബന്ധമാണതെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകാലമായി അസുഖമായി കിടക്കുകയായിരുന്നു അദ്ദേഹം. അസുഖമായി കിടക്കുന്ന സമയത്ത് രണ്ടു തവണ ഞാൻ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. അപ്പോഴൊന്നും ഒരിക്കലും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒടുവിലത്തെ നാളുകളാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. തമാശകളൊക്കെ പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയിരുന്നത്.
നിരവധി വർഷത്തെ ദൃഢമായ ബന്ധം അദ്ദേഹവും ഞാനും തമ്മിലുണ്ട്. സംസ്ഥാനത്തുടനീളം അദ്ദേഹവുമൊത്ത് യാത്രചെയ്തിട്ടുണ്ട്.
നിഷ്കളങ്കമായ ഒരു മനസ്സിൻറെ ഉടമസ്ഥനായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരിൽ ഏറെ ആളുകൾക്ക് ഒന്നും അവകാശപ്പെടാനില്ലാത്ത സവിശേഷതകൾ ഉണ്ടായിരുന്നു.
എപ്പോഴും തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിച്ചു എന്നും മനസ്സിൽ ഓർമ്മിക്കാൻ കഴിയുന്ന ഒരു നേതാവായി അദ്ദേഹം ജീവിക്കുകയായിരുന്നു.
ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിരിക്കാനുള്ള ഭാഗ്യം മറ്റൊരു മലയാളിക്കും ലഭിച്ചിട്ടില്ല. 16 വർഷം യുഡിഎഫ് കൺവീനർ എന്ന് പറയുന്നത് തന്നെ ഒരു അഭൂതപൂർവമായ സംഭവമാണ്.
അദ്ദേഹത്തിൻറെ വിയോഗം കോൺഗ്രസിന് ഒരു വലിയ നഷ്ടമാണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. കയ്യിൽ നിന്ന് കാശ് ചിലവാക്കി രാഷ്ട്രീയ പ്രവർത്തനം നടത്തിയ, ആരെയും ആശ്രയിക്കാതെ രാഷ്ട്രീയത്തിൽ വളർന്നു പടർന്നുപന്തലിച്ച രാഷ്ട്രീയ നേതാവായിരുന്നു ശങ്കരനാരായണനെന്നും കെപിസിസി പ്രസിഡന്‍റ് അനുസ്മരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam