കോൺഗ്രസിനകത്ത് കൊടുങ്കാറ്റ് അടിച്ചത് ശാന്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന ആഭ്യന്തര തർക്കം ചെറിയ ചെറിയ കാറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർക്കും. ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെ കുറിച്ച് അറിയില്ല. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയില്ല എന്ന പരാതി ശരിയല്ല. ഇക്കാര്യത്തിൽ പരാതിക്കാരെ നേരിട്ട് കാണും. പ്രതിപക്ഷ നേതാവ് എന്ത് പാതകം ചെയ്തുവെന്ന് തനിക്ക് അറിയില്ല. ഇത് പോലെ ചർച്ച നടത്തിയ കാലം സംസ്ഥാനത്തെ പാർട്ടിയിൽ മുൻപുണ്ടായിട്ടില്ല. പാർട്ടിക്കകത്തെ ഐക്യം തകരാതെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കും. കോൺഗ്രസിനകത്ത് കൊടുങ്കാറ്റ് അടിച്ചത് ശാന്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് പൂന സംഘടനയെ തുടർന്ന് കേരളത്തിൽ ഗ്രൂപ്പുകളെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന പരാതിയാണ് ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരായ നീക്കം ചർച്ച ചെയ്യാൻ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നു. കോൺഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കളാണ് യോഗം ചേർന്നത്. നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്ക് എതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ച സാഹചര്യത്തിലാണ് യോഗം. രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, കെസി ജോസഫ്, ബെന്നി ബഹന്നാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
എന്നാൽ എ ഗ്രൂപ്പ് നീക്കത്തിൽ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് വന്നു. ഗ്രൂപ്പ് തർക്കം നടത്തുന്നവർ ഉമ്മൻ ചാണ്ടിയെ വലിച്ചിഴയ്ക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്. രോഗാവസ്ഥയിൽ അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്ന് തിരുവഞ്ചൂർ വിമർശിച്ചു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ പൊതുസ്വത്താണെന്നും എ ഗ്രൂപ്പിനെതിരായ വിമർശനത്തിൽ കുറ്റപ്പെടുത്തി.