
തിരുവനന്തപുരം:ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പറഞ്ഞു.കര്‍ണാടകത്തിലെ ജയം കേരളത്തിന്റെ ജയം കൂടിയാണ്. അവിടെയുള്ള മുഴുവന്‍ മലയാളികളും കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളെല്ലാവരും തന്നെ കര്‍ണാടകത്തില്‍ പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആദ്യന്തം അവിടെ സജീവമായിരുന്നു. ഇത്രയും ചിട്ടയായ തെരഞ്ഞടുപ്പ് പ്രചാരണം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കര്‍ണാടകത്തില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കേരളവും വലിയ ആവേശത്തിലാണ്. കര്‍ണാടകത്തില്‍ നേരിട്ടുള്ള പോരാട്ടത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിച്ചെങ്കില്‍ കേരളത്തില്‍ രണ്ടു പൊതുശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസിനു സാധിക്കും. കര്‍ണാടകത്തിനുശേഷം കേരളമെന്ന് പ്രഖ്യാപിച്ചവരുടെ പൊടിപോലും കാണാനില്ല.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കേന്ദ്രനേതാക്കളുടെ ഊറ്റമായ പിന്തുണയും ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര സൃഷ്ടിച്ച പ്രകമ്പനം കര്‍ണാടകത്തില്‍ പ്രതിഫലിച്ചു. നരേന്ദ്രമോദി കര്‍ണാടകത്തില്‍ ദിവസങ്ങളോളം തമ്പടിച്ച് കൂറ്റന്‍ റാലികളും പ്രചാരണങ്ങളും അഴിച്ചുവിട്ടിട്ടും തോറ്റമ്പിയപ്പോള്‍ ജനങ്ങള്‍ സ്‌നേഹിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണെന്ന് വ്യക്തം. കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ വേട്ടയാടിയപ്പോള്‍ ഉണ്ടായ ജനരോഷം കര്‍ണാടകത്തില്‍ പ്രതിഫലിച്ചു. അദ്ദേഹത്തിന്റെ ആഹ്വാന പ്രകാരം കര്‍ണാടകത്തിലെ വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പീടിക തുറന്നിരിക്കുകയാണ്. കര്‍ണാടകത്തിലെ മിന്നുംജയം 2024ലേക്ക് ആത്മവിശ്വാസത്തോടെ കടക്കാന്‍ കോണ്‍ഗ്രസിനു കരുത്തു നല്കും.
അഴിമതിയില്‍ മുങ്ങിക്കുളിച്ച കര്‍ണാടകം പോലെ തന്നെയാണ് കേന്ദ്രവും ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും. കര്‍ണാടകത്തില്‍ പാവപ്പെട്ട ജനവിഭാഗങ്ങളോട് ചേര്‍ന്നുനിന്നും ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ സമസ്ത ജനവിഭാഗത്തെയും കൂടെനിര്‍ത്തിയാണ് കോണ്‍ഗ്രസ് പടയോട്ടം നടത്തിയത്. ബിജെപി അഴിമതിയിലൂടെ വാരിക്കൂട്ടിയ വമ്പിച്ച സാമ്പത്തികശക്തിയെ കോണ്‍ഗ്രസ് നേരിട്ടത് മതേതരത്വത്തില്‍ ഒരു തുള്ളിവെള്ളം ചേര്‍ക്കാതെയാണെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam