'ഇടത് യുവജന വിപ്ലവസിംഹങ്ങള്‍ പിന്‍വാതില്‍ നിയമനത്തിന്‍റെ തിരക്കില്‍'; ഉളുപ്പില്ലേയെന്ന് ചോദിച്ച് കെ സുധാകരന്‍

Published : Nov 05, 2022, 07:27 PM IST
'ഇടത് യുവജന വിപ്ലവസിംഹങ്ങള്‍ പിന്‍വാതില്‍ നിയമനത്തിന്‍റെ തിരക്കില്‍'; ഉളുപ്പില്ലേയെന്ന് ചോദിച്ച് കെ സുധാകരന്‍

Synopsis

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിപിഎമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്.

തിരുവനന്തപുരം: സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് സിപിഎം മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.  കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിപിഎമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാര്‍ കാത്തിരിക്കുമ്പോള്‍ സഖാക്കള്‍ക്കായി തൊഴില്‍ ദാനം സംഘടിപ്പിക്കുകയാണ് സിപിഎമ്മും അവരുടെ കളിപ്പാവയായ മേയറും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സിപിഎമ്മിന്റെ ഭരണകാലയളവില്‍ നടത്തിയ എല്ലാ  നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ് സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സുധാകരന്‍ പറഞ്ഞു.

ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സിപിഎമ്മും വിലയിട്ടത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും  പ്രഖ്യാപിത നയം  സഖാക്കള്‍ക്ക് ക്രമവിരുദ്ധ നിയമനം നല്‍കുകയെന്നതാണ്. ഇതിലൂടെ പാര്‍ട്ടി ഫണ്ട് സമാഹരണമാണ് ലക്ഷ്യം. ലവലേശം ഉളുപ്പില്ലാതെയും പൊതുജനത്തെ വെല്ലുവിളിച്ചും വഞ്ചിച്ചുമാണ് സിപിഎം അഴിമതിയും പിന്‍വാതില്‍ നിയമനവും യഥേഷ്ടം നടത്തുന്നത്. സര്‍വകലാശാലകളെ ഒരുവഴിക്കാക്കിയ ശേഷമാണ് ഇതരവകുപ്പുകളിലേക്കും ഇഷ്ടക്കാരെ നിയമിക്കാനുള്ള ശ്രമം.

 യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാരിന്റെയും മേയറുടെയും നയങ്ങള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേടാണ് ഇടതു യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്. തൊഴിലില്ലായ്മക്കെതിരെ ദില്ലിയില്‍ ഉള്‍പ്പെടെ സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിപ്ലവസിംഹങ്ങള്‍ കേരളത്തില്‍ പിന്‍വാതില്‍ നിയമനപട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്. സിപിഎമ്മിന്റെ ജീര്‍ണ്ണതയിലും മുല്യച്യുതിയിലും പ്രതികരണ ശേഷി നിര്‍വീര്യമായ യുവനിരയാണ് ഇപ്പോള്‍ ഇടതുപക്ഷത്തുള്ളതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, കരാര്‍ നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറയച്ച കത്ത് പുറത്ത് വന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കോര്‍പറേഷന്‍ രംഗത്ത് വന്നിരുന്നു. കത്ത് വ്യാജമാണെന്നും പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്. 

മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത? വിഷയം ഗൗരവമായി കണ്ട് പാർട്ടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ