
തിരുവനന്തപുരം: ഐഎൻടിയുസി (INTUC) - വി ഡി സതീശൻ തർക്കം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ (K Sudhakaran) ഇടപെട്ട് ഒത്തുതീർപ്പാക്കി. പോഷക സംഘടനയ്ക്ക് മുകളിലാണ് ഐഎന്‍ടിയുസിയുടെ സ്ഥാനമെന്ന് സുധാകരന്‍ പറഞ്ഞു. ഐഎൻടിയുസി - വി ഡി സതീശൻ തർക്കം തീർക്കാൻ ഇടപെട്ടുള്ള സമവായ ചർച്ചയ്ക്ക് പിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം. സംഘടനയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കും. കോണ്‍ഗ്രസിന്‍റെ അവിഭാജ്യഘടകമാണ് ഐഎന്‍ടിയുസി. തെറ്റിദ്ധാരണയില്‍ നിന്നാണ് പ്രകടനമുണ്ടായത്. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. നാട്ടകം സുരേഷിനോട് വിശദീകരണം ചോദിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വിവാദം തീര്‍ക്കാന്‍ ഇന്ന് രാവിലെയും ചന്ദ്രശേഖരനെ വീട്ടിലേക്ക് വിളിച്ച് കെപിസിസി അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ സതീശനെതിരെ എതിർപ്പ് അറിയിച്ച ചന്ദ്രശേഖരൻ ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണെന്ന് വിശദീകരിച്ചു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും തിരുത്തൽ വേണമെന്നും ചര്‍ച്ചയില്‍ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു.
ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും സതീശനെതിരെ നടന്ന പ്രകടനങ്ങളെ സ്വാഭാവികമായ പ്രതികരണം എന്ന നിലക്ക് ചന്ദ്രശേഖരൻ ന്യായീകരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ നിർത്തണമെന്ന ആവശ്യം സുധാകരൻ മുന്നോട്ട് വെച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച വാർത്താസമ്മേളനം പിൻവലിക്കാതെ സതീശനെതിരായ എതിർപ്പ് ചന്ദ്രശേഖരന്‍ ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് വൈകിട്ട് സുധാകരനും സതീശനും ഐഎൻടിയുസി പ്രസിഡന്‍റ് ചന്ദ്രശേഖരനും കൂടിക്കാഴ്ച നടത്തിയത്. ഇതോടെ തെരുവിലേക്ക് വരെ നീണ്ട് ഒരാഴ്ച്ചയോളമായി മുറുകിയ ഐഎൻടിയുസി വിവാദമാണ് ഒത്തുതീർപ്പായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam