
എറണാകുളം: പുതുപ്പള്ളിയിലെ ഉജ്വല വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ രംഗത്ത്. പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണ്.വിജയത്തിൻ്റെ ക്രഡിറ്റ് തനിക്ക് വേണ്ട.വി.ഡി സതീശനുമായി ഒരു തർക്കവുമില്ല,നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരൻ പറഞ്ഞു.
പുതുപ്പള്ളിയിലെ മിന്നും ജയത്തിലെ കോൺഗ്രസ്സ് ആവേശം കെടുത്തുന്നതായിരുന്നു പ്രസ് മീറ്റ് തർക്ക വീഡിയോ. മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നയിച്ച സതീശൻ അന്ന് സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ അടക്കം പറച്ചിലുണ്ടായിരുന്നു. എന്നാൽ സുധാകരൻ ആദ്യം മൈക്ക് ചോദിച്ചതിലെ അമർഷമായിരുന്നു വിഡിക്കെന്ന് വ്യക്തമായതോടെ വമ്പൻ വിജയത്തിനിടെ ഉണ്ടായത് ക്രെഡിറ്റ് തർക്കമെന്ന് തെളിഞ്ഞു. ആകെ നാണക്കേടായെന്നാണ് നേതാക്കളുടെ പൊതു വിലയിരുത്തൽ. സൈബറിടത്തിൽ ട്രോൾ മഴ പെയ്യുമ്പോൾ പ്രതിപക്ഷനേതാവ് തർക്കത്തെ ന്യായീകരിച്ചു. വിജയത്തിന്‍റെ ക്രെഡിറ്റ് തനിക്ക് നല്‍കാനുള്ള സുധാകരന്‍റെ നീക്കത്തെയാണ് എതിര്‍ത്തതെന്നാണ് സതീശന്‍റെ വിശദീകരണം
ക്രെഡിറ്റ് സതീശന് മാത്രം നൽകുന്നതൊഴിവാക്കാൻ സുധാകരൻ അനുകൂലികൾ ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമാണ്. വോട്ടെണ്ണൽ ദിവസം സുധാകരനോട് കോട്ടയെത്തെത്താൻ അദ്ദേഹത്തെ അനുകൂലിക്കുന്ന ചില കെപിസിസി ഭാരവാഹികൾ തന്നെ നിർബന്ധിച്ചുവെന്നാണ് വിഡിയെ പിന്തുണക്കുന്നവർ പറയുന്നത്. പണിയെടുത്തിട്ടും അധികാരഭാവത്തിൽ ഞാൻ ആദ്യം പറയുമെന്ന അധ്യക്ഷൻറെ പരാമർശമാണ് പ്രശ്നമെന്നാണ് വിഡി പക്ഷത്തിൻറെ നിലപാട്. എന്നാൽ മണ്ഡലത്തിൽ നേതാക്കൾക്കെല്ലാം ചുമതല നൽകിയത് സുധാകരനാണെന്ന് പ്രസിഡണ്ട് അനുകൂലികൾ വിശദീകരിക്കുന്നു. സംഘടനാപരമായി ആദ്യം സംസാരിക്കേണ്ടത് പ്രസിഡണ്ട് തന്നെ അല്ലേ എന്നാണ് ചോദ്യം. ഏതായാലും വിവാദം അടഞ്ഞ അധ്യായമെന്നാണ് കെപിസിസി പ്രസിഡണ്ടിന്‍റെ വിശദീകരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam