'വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ് വരേണ്ടത്'; വി എസിനെതിരെ കെ സുധാകരന്‍

By Web TeamFirst Published Oct 17, 2019, 10:17 PM IST
Highlights

90 ൽ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് കണ്ണൂരിലുണ്ടെന്നും കെ സുധാകരന്‍. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭരണപരിഷ്‍കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെതിരെ കെ സുധാകരന്‍റെ വിവാദ പരാമര്‍ശം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണപരിഷ്‍കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെതിരെ വിവാദ പരാമര്‍ശം നടത്തി കെ സുധാകരൻ എംപി. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ്  വരേണ്ടത്. 90 ൽ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെന്നായിരുന്നു കെ സുധാകരന്‍റെ വിമര്‍ശനങ്ങള്‍. 

"

ഇതാദ്യമായല്ല കെ സുധാകരന്‍ നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍റെ പ്രചാരണ  വിഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ശ്രീമതി ടീച്ചറെ വിമര്‍ശിക്കുന്ന വീഡിയോയില്‍ സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി' എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പോസ‍്റ്റ് ചെയ്തിരുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ സുപ്രീം കോടതി ജ‍ഡ്ജിമാർക്കെതിരെയും കെ സുധാകരന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിധി പറയുമ്പോൾ അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ജ‍ഡ്ജിമാർ ചിന്തിക്കണമെന്ന് പറഞ്ഞ സുധാകരൻ ദാമ്പത്യേതര ബന്ധവും സ്വവർഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട വിധികളെ അടക്കം ആക്ഷേപിച്ചിരുന്നു. 'ദാമ്പത്യേതര ബന്ധം നിയമാനുസൃതമാണെന്ന് പറഞ്ഞ ജഡ്ജി വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നത് കണ്ടാല്‍ എന്താണ് തോന്നുക' എന്ന് ചോദിച്ച കെ സുധാകരൻ വിധി പ്രഖ്യാപിച്ച ജ‍ഡ്ജി സമൂഹത്തോട് അനീതിയാണ് കാട്ടിയതെന്നായിരുന്നു അന്ന് പറഞ്ഞത്.


 

click me!