കരാറുകാരേയും കൂട്ടി മന്ത്രിയെ കാണുന്നത് തെറ്റായ കാര്യങ്ങൾ നടത്തിയെടുക്കാൻ: റിയാസിനെ പിന്തുണച്ച് സുധാകരൻ

By Web TeamFirst Published Oct 16, 2021, 1:45 PM IST
Highlights

അതേസമയം മന്ത്രി റിയാസിൻ്റെ വാക്കുകൾ അടർത്തിയെടുത്ത് വാർത്തയുണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ വിമർശിച്ചു. 


തിരുവനന്തപുരം: നിർമ്മാണ ജോലികൾ ചെയ്യുന്ന കരാറുകാരുമായി താൻ കാണാൻ വരരുതെന്ന എംഎൽഎമാരോട് ആവശ്യപ്പെട്ട പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കരാറുകാരെക്കൂട്ടി മന്ത്രിയെ കാണുന്നത് അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണെന്ന് സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഹമ്മദ് റിയാസിന് പൂർണ പിന്തുണ നൽകുന്നതായും സുധാകരൻ പറഞ്ഞു. റിയാസ് പറഞ്ഞത് സത്യമായ കാര്യമാണ്. എംഎൽഎമാർ കോൺട്രാക്ടർമാരെ കൂട്ടി മന്ത്രിയെ കാണുന്നത് ശരിയല്ല. അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത് - സുധാകരൻ പറഞ്ഞു. 

അതേസമയം മന്ത്രി റിയാസിൻ്റെ വാക്കുകൾ അടർത്തിയെടുത്ത് വാർത്തയുണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ വിമർശിച്ചു. സിപിഎം നിയമസഭാ കക്ഷിയോഗത്തിൽ റിയാസിനെ ഷംസീർ വിമർശിച്ചെന്ന വാർത്തയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും വിജയരാഘവൻ ഒഴിഞ്ഞു. ഷംസീറുമായി ബന്ധപെട്ട ചോദ്യങ്ങൾ വേണ്ടന്ന് പറഞ്ഞ വിജയരാഘവൻ
മുഹമ്മദ് റിയാസ് പറഞ്ഞതിൽ നിന്നും വാക്കുകൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വാർത്ത ഉണ്ടാക്കുകയാണെന്നും കുറ്റപ്പെടുത്തി. 
 

click me!