'സമ്പത്തിന്‍റെ നിയമനം അജഗളസ്തനം പോലെ'; വിമര്‍ശനവുമായി സുരേന്ദ്രന്‍

By Web TeamFirst Published Jul 30, 2019, 7:38 PM IST
Highlights

ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്തിനെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്‍റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്‍റെ നിയമനത്തിന് അംഗീകാരം നല്‍കും

പാലക്കാട്: മുന്‍ ആറ്റിങ്ങല്‍ എംപി എ സമ്പത്തിന് പുതിയ നിയമനം നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്തിനെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്‍റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്‍റെ നിയമനത്തിന് അംഗീകാരം നല്‍കും.

സമ്പത്തിന് സമ്പത്തുകാലം വരുന്നു എന്നാണ് ഇതിനെക്കുറിച്ച് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ക്യാബിനറ്റ് പദവിയോടെ സമ്പത്തിനെ ദില്ലിയിൽ കുടിയിരുത്താൻ പോവുകയാണ്. കാറും ബംഗ്ലാവും പരിചാരകരും ശമ്പളവും ബത്തയും ഓഫീസുമടുക്കം ഒരു വർഷം കോടികൾ കേരള ഖജനാവിൽ നിന്നാണ് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍  പറഞ്ഞു.

ഭരണപരിഷ്കാര കമ്മീഷന്‍ പോലെ കോടികൾ ചെലവാക്കിയുള്ള മറ്റൊരു നിയമനമാണിത്. സമ്പത്തിന്‍റെ നിയമനത്തെ അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യം എന്നും സുരേന്ദ്രന്‍ വിശേഷിപ്പിച്ചു. സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം.

സംസ്ഥാന പ്രതിനിധിയായി ദില്ലിയിൽ നിയമിക്കപ്പെട്ട സമ്പത്തിന് പ്രത്യേക ഓഫീസും ജീവനക്കാരുമുണ്ടാകും. പുതിയ ഓഫീസിനു വേണ്ടി പുതിയ തസ്തികളുമുണ്ടാക്കും. ആറ്റിങ്ങല്‍ എംപിയായിരുന്ന എ സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സിപിഎമ്മിന് നല്‍കിയത്.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ കുടിയിരുത്താൻ പോകുന്നു. കാറും ബംഗ്ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വർഷം കോടികൾ കേരളഖജനാവിൽ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങൾക്കുള്ള അംബാസിഡർ. കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണുപോലും. ഭരണപരിഷ്കാര കമ്മീഷന്‍ പോലെ കോടികൾ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാൻ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കിൽ വിഷണറി ആയുള്ള ഭരണത്തലവൻ വേണം. ഇതു വെറും അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...

 

click me!