
കണ്ണൂർ: കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് സ്ഫോടനം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിയ്ക്കും എല്ലാം അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദത്തപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ ആണ് ബോംബ് നിർമാണം. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആണോ സ്ഫോടനം എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്വാധീനമുള്ള ക്രിമിനലുകളാണ് കണ്ണൂരിലുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവർ ഇപ്പോൾ സ്വർണ്ണക്കടത്തിന് പോകുന്നു. പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ചെങ്കൽ ഖനനം നടക്കുന്നു. കണ്ണൂരിനെ അശാന്തിയിലേക്ക് തിരിച്ചു കൊണ്ട് പോകാൻ സിപിഎം ശ്രമിക്കുന്നു. പാർട്ടിയിലെ അന്ത:ഛിദ്രം മറച്ചു വെയ്ക്കാനാണ് സ്ഫോടനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്ഫോടനം പാർട്ടി തീരുമാന പ്രകാരം ആണോ എന്നും ആരാണ് ഇതിനു പിന്നിൽ എന്നും അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധിക്ക് എതിരെ മത്സരിക്കാതിരുന്നാൽ ബിജെപി മുതലെടുക്കും എന്ന ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം ഞെട്ടിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള അതിർ വരമ്പുകൾ നേർത്ത് ഇല്ലാതായി. ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ അഴിമതി സംരക്ഷിക്കുന്ന പ്രസ്താവന നടത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. കാനം ചെയ്തതിനേക്കാൾ നന്നായി പിണറായിക്ക് ബിനോയ് വിശ്വം ജാമ്യം എടുത്തുകൊടുക്കുന്നു. കൊള്ളക്കാരുടെ പാർട്ടിയാണ് സിപിഎം എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
വയനാട്ടിൽ എൻഡിഎ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവെയ്ക്കുമെന്ന് കെ സുരേന്ദ്രൻ അവകാശപ്പെട്ടു. സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും. പാലക്കാട്ട് മത്സരിക്കാൻ കെ മുരളീധരനെ താൻ സ്വാഗതം ചെയ്യുന്നു. വട്ടിയൂർക്കാവിൽ മത്സരിക്കാനാണെങ്കിൽ രണ്ട് കൊല്ലം മുൻപേ സ്വാഗതം ചെയ്തതാണ്. ജൂലൈ 5 ന് പാലക്കാട് കേന്ദ്ര സഹമന്ത്രിമാർക്ക് ബിജെപി സ്വീകരണം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam