
തൃശ്ശൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടും അദ്ദേഹം രാജിവയ്ക്കാൻ തയ്യാറല്ലെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ് എല്ലാ ഇടപാടുകളുടേയും ഇടനിലക്കാരനെന്നും ഇദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘംങ്ങളുടെ കേന്ദ്രമായിരിക്കുന്നു. മുഖ്യൻ്റെ ഓഫീസിലെ ഒരുപാട് പേർക്ക് ഇനിയും സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ട്.
മുഖ്യൻ്റെ ഓഫീസ് മാഫിയക്കാരുടേയും കൊള്ളക്കാരുടേയും കേന്ദ്രമായി മാറിക്കഴിഞ്ഞു. സ്വന്തം ഓഫീസിൽ എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും? ഐടി വകുപ്പിൽ പിഡെബ്ള്യൂസിയുടെ മറവിൽ നടന്ന മുഴുവൻ നിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇങ്ങനെ നടന്ന മുഴുവൻ നിയമനവും റദ്ദാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസിനെ ശിവശങ്കരൻ ഏതു രീതിയിൽ സഹായിച്ചുവെന്ന് വ്യക്തമാക്കണം. സ്വർണക്കടത്തിൽ സിബിഐ അന്വേഷണം ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam