
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചെന്ന ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രൻ. വിളിച്ചിരുന്നോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടത് കസ്റ്റംസ് തന്നെയാണ്. കസ്റ്റംസിന്‍റെ ചുമതലയുള്ള ചീഫ് കമ്മീഷണറുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിട്ടില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുമായി ബന്ധമുള്ള സിപിഎം പശ്ചാത്തലമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെന്നും ആ ഉദ്യോഗസ്ഥനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്നും കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏത് കേന്ദ്രത്തിൽ നിന്നാണ് വിളിച്ചതെന്ന് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്നും കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു.
വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. മുഖ്യമന്ത്രി പറയുന്നത് സാങ്കേതിക ന്യായങ്ങൾ മാത്രമാണ്. കേസിൽ ഉൾപ്പെട്ട് അവര് കുറ്റവാളിയാണെന്ന് കേരളാ പൊലീസ് തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടും ഇത്തരമൊരാൾ ഓഫീസിൽ ഉള്ളത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൻ അത് വിശ്വസിക്കാൻ പ്രയാസം ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നടപടി എടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശിവശങ്കറിനെതിരെ നടപടി എടുത്തത് വേറെ വഴിയില്ലാത്തത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനെ മാറ്റിയിട്ടുണ്ടെങ്കിൽ കാര്യം നിസ്സാരമല്ലെന്നതിന്‍റെ തെളിവാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്തും എന്ന് അറിയാവുന്നത് കൊണ്ടാണ് നടപടിക്ക് മുതിര്‍ന്നതെന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam