എൽഡിഎഫ് - യുഡിഎഫ് ഒത്തുകളി തുട‍ര്‍ന്നാൽ പല കൊമ്പൻമാരും നിയമസഭ കാണില്ല; വെല്ലുവിളിയുമായി സുരേന്ദ്രൻ

By Web TeamFirst Published Dec 20, 2020, 12:47 PM IST
Highlights

ചില ബിജെപി സ്ഥാനാര്‍ത്ഥികൾ ഒരു കാരണവശാലും വിജയിക്കില്ലെന്ന ആരാധനാലയങ്ങളിൽ ഇരുന്ന് തീരുമാനിക്കുന്ന അവസ്ഥയുണ്ടായി. . മൂന്ന് മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് വരും ഞങ്ങൾ വെറുതെയിരിക്കും എന്ന് കരുതേണ്ട.  പല കൊലകൊമ്പൻമാരും നിയമസഭാ കാണില്ലെന്ന് ഞാൻ ഇപ്പോൾ ഓര്‍മ്മിപ്പിക്കുകയാണ്. 

കൊച്ചി:  തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഒത്തുകളിച്ചെന്നും ഫലം വന്ന ശേഷം ബിജെപി അധികാരത്തിൽ വരേണ്ട ഇരുപത്തിയഞ്ചോളം പഞ്ചായത്തുകളിൽ ഇരുമുന്നണികളും ധാരണയുണ്ടാക്കി ബിജെപിക്ക് അധികാരം നിഷേധിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

യുഡിഎഫും  എൽഡിഎഫും തമ്മിലുള്ള ഈ ഒത്തുകളിയിൽ തദ്ദേശതെരഞ്ഞെടുപ്പിൽ പല കൊലകൊമ്പൻമാരും നിയമസഭ കാണില്ലെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് ബിജെപി നടത്തിയതെന്നും  എട്ട് ലക്ഷത്തോളം വോട്ടുകളാണ് വര്‍ധന തെരഞ്ഞെടുപ്പിൽ ഉണ്ടായെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

കെ.സുരേന്ദ്രൻ്റെ വാക്കുകൾ - 

35,70,000 വോട്ടുകൾ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി നേടി. പാലക്കാട്, പന്തളം മുൻസിപ്പാലിറ്റികൾ ബിജെപി ജയിച്ചു. കൊടുങ്ങല്ലൂര്‍, വര്‍ക്കല മുൻസിപ്പാലിറ്റികൾ ഒരൊറ്റ സീറ്റിന് നഷ്ടപ്പെട്ടു. മാവേലിക്കര മുൻസിപ്പാലിറ്റിയിൽ മൂന്ന് മുന്നണികളും തുല്യസീറ്റ് നേടി. മലപ്പുറത്തെ ചില മുൻസിപ്പാലിറ്റികൾ ഒഴിച്ചാൽ കേരളത്തിലെ ഭൂരിപക്ഷം മുൻസിപ്പാലിറ്റികളിലും ബിജെപി പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട

എൻ‍ഡിഎ ശക്തമായ സ്ഥലങ്ങളിൽ ത്രികോണ മത്സരമുണ്ടായില്ല എന്നതാണ് ഇക്കുറി ഉണ്ടായ സവിശേഷത. എൻഡിഎയുമായുള്ള നേരിട്ടുള്ള മത്സരമാണ് എതിരാളികൾ നടത്തിയത്. തലശ്ശേരിയിലെ ഒരു ഡിവിഷനിൽ 34 വോട്ടിനാണ് ബിജെപി തോറ്റത്. അവിടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 70 വോട്ടാണ് കിട്ടിയത്. 1200 ഓളം വാര്‍ഡുകളിൽ എൽഡിഎഫ് - യുഡിഎഫ് ധാരണയുണ്ടായിരുന്നു. ഞങ്ങളെ തോൽപ്പിക്കാൻ ധാരണയുണ്ടാക്കിയ കോണ്‍ഗ്രസിൻ്റെ കഥ പല തദ്ദേശസ്ഥാപനങ്ങളിലും കഴിഞ്ഞ മട്ടാണ്. യാദവകുലം പോലെ ബിജെപി മുടിയും എന്ന് പറഞ്ഞ ചെന്നിത്തലയാണ് ബിജെപിയെ തോൽപിക്കാൻ നേതൃത്വം കൊടുത്തത്. 

കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ യുഡിഎഫ് - എൽഡിഎഫ് ധാരണ രൂപപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടിലടക്കം ഇതാണ് അവസ്ഥ. ചെന്നിത്തലയുടെ സ്വന്തം നാടായ കോടംതുരുത്ത് പഞ്ചായത്ത്, പാണ്ടനാട്, തിരുവണ്മെനൂര്‍, ചെന്നിത്തല പഞ്ചായത്തുകളിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി ഇവിടെയെല്ലാം എൽഡിഎഫും യുഡിഎഫും ചേര്‍ന്ന് ബിജെപിയെ തോൽപിക്കാൻ കൈ കോര്‍ത്തിട്ടുണ്ട്. എൽഡിഎഫുമായി ചേര്‍ന്നാണ് ഇവിടെയെല്ലാം യുഡിഎഫ് അധികാരം പങ്കിടുന്നത്. രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും കോണ്‍ഗ്രസിനെ നയിക്കുന്നത്. ബിജെപിയെ തോൽപിക്കാൻ 75 ഇടത്ത് കോണ്‍ഗ്രസ് മൂന്നാമത് ആയി. 

കാറെടുക്ക, ബന്ദിയടുക്കു, കുമ്പിടാചാല, ബ‍ര്‍ക്കാടി, മീൻച തുടങ്ങി പല പഞ്ചായത്തുകളിലും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിര്‍ത്താൻ ശ്രമിക്കുകയാണ്. പ്രതികാര മനോഭാവത്തോടെ ബിജെപിയെ അകറ്റി നിര്‍ത്താനാണ് യുഡിഎഫിൻ്റേയും എൽഡിഎഫിൻ്റേയും ശ്രമമെങ്കിൽ ചിലതൊക്കെ ചെയ്യാൻ ഞങ്ങൾക്കും സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ ശക്തമായ മത്സരം കാഴ്ചവച്ച് ഇടങ്ങളിലെല്ലാം എതിര്‍സ്ഥാനത്തുള്ള രണ്ട് മുന്നണികളിൽ ഒന്ന് പിൻവലിയുന്ന കാഴ്ചയാണ് കണ്ടത്.

കോഴിക്കോട് കോര്‍പ്പറേഷനിൽ 22 ഇടത്ത് ബിജെപി രണ്ടാമത്ത് വന്നു. ഒൻപത് വാര്‍ഡുകളിൽ 16-ൽ താഴെ വോട്ടുകൾക്കാണ് ഞങ്ങൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മാറാട്, ബേപ്പൂര്‍, നടക്കാവ്, സിവിൽ സ്റ്റേഷൻ തുടങ്ങി അഞ്ച് സിറ്റിംഗ് സീറ്റുകളിൽ യുഡിഎഫ് എൽഡിഎഫിനായി വോട്ട് മറിച്ചു. ഞങ്ങളെ തോൽപിക്കാനായി വോട്ട് മറിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിൽ കോണ്‍ഗ്രസിൻ്റെ കഥ കഴിഞ്ഞു. സമാന നിലപാട് സ്വീകരിച്ച കോഴിക്കോട് കോര്‍പ്പറേഷനിൽ ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം കോണ്‍ഗ്രസ് തകര്‍ന്നു. 

ചില ബിജെപി സ്ഥാനാര്‍ത്ഥികൾ ഒരു കാരണവശാലും വിജയിക്കില്ലെന്ന ആരാധനാലയങ്ങളിൽ ഇരുന്ന് തീരുമാനിക്കുന്ന അവസ്ഥയുണ്ടായി. . മൂന്ന് മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് വരും ഞങ്ങൾ വെറുതെയിരിക്കും എന്ന് കരുതേണ്ട.  പല കൊലകൊമ്പൻമാരും നിയമസഭാ കാണില്ലെന്ന് ഞാൻ ഇപ്പോൾ ഓര്‍മ്മിപ്പിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. ഞങ്ങൾക്ക് അധികാരം കിട്ടേണ്ട 25 പഞ്ചായത്തുകളിൽ നിങ്ങൾ ഒത്തുകളിച്ചെങ്കിൽ ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യും. 

35.70 ലക്ഷം വോട്ട് കിട്ടിയ ‍ഞങ്ങൾക്ക് 1500-ലേറെ സീറ്റുകളാണ് ക്രോസ് വോട്ടിംഗ് മൂലമില്ലാതെയായത്. മുസ്ലീംലീഗും കോണ്‍ഗ്രസിൽ ഒരു വിഭാഗവും ചേര്‍ന്ന് സിപിഎമ്മിന് വോട്ടു മറിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ നാലു പഞ്ചായത്തുകളിൽ  ഒത്തുകളി നടന്നു. എട്ട് ലക്ഷം വോട്ടുകളാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി അധികമായി നേടിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നും സുരേന്ദ്രൻ പറഞ്ഞു. 
 

click me!