ആത്മഹത്യയ്ക്ക് ശ്രമിച്ച ​ഗൺമാൻ്റെ നിയമനത്തിൽ ദുരൂഹതയെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Jul 21, 2020, 12:06 PM IST
Highlights

അറ്റാഷെയ്ക്ക് ​ഗൺമാനെ നൽകാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നില്ല. കള്ളക്കടത്തുകാരെ സഹായിക്കാൻ വേണ്ടിയാണ് സ‍ർക്കാർ ​ഗൺമാനെ നിയോ​ഗിച്ചത്. 

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും സഹായം സ്വർണകള്ളക്കടത്തു സംഘങ്ങൾക്ക്‌ കിട്ടിയെന്നുള്ള ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിൻ്റെ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥ‍ർക്ക് ​പൊലീസ് ഗൺമാനെ അനുവദിച്ചതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. 

സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടിയാണ് കോൺസുലേറ്റ് ജനറലിന് പ്രത്യേക ​ഗൺമാന്റെ സേവനം സ‍ർക്കാർ ലഭ്യമാക്കിയത്. അറ്റാഷെയ്ക്ക് ​ഗൺമാനെ നൽകാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നില്ല. കള്ളക്കടത്തുകാരെ സഹായിക്കാൻ വേണ്ടിയാണ് സ‍ർക്കാർ ​ഗൺമാനെ നിയോ​ഗിച്ചത്. 

ഡിപ്ലോമാറ്റുകൾക്ക് ഗൺമാനെ നൽകുന്നത് സ്വാഭാവിക നടപടി  ആണെന്ന സർക്കാരിന്റെ വാദം തെറ്റാണ്. 2016-ൽ തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ പുതിയ കെട്ടിട്ടം ഉദ്ഘാടനം ചെയ്യപ്പട്ടപ്പോൾ ഓഫിസിന് സുരക്ഷ നൽകണം എന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശം. അല്ലാതെ ഉദ്യോ​ഗസ്ഥർക്ക് പ്രത്യേക സുരക്ഷയൊരുക്കണം എന്ന് കേന്ദ്രസ‍ർക്കാർ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടില്ല. 

സ്വ‍ർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുടെ ഒളിസങ്കേതമെവിടെയായിരുന്നു ? ആരാണ് സ്വപ്നയെ ഒളിപ്പിച്ചത്? സ്വപ്നയുടെ ശബ്ദ​രേഖ പുറത്ത് എത്തിച്ചത് ആര് ? എന്നീ കാര്യങ്ങളിലെല്ലാം എൻഐഎ അന്വേഷണത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.  

രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് മുഖ്യമന്ത്രി പിണറായിയുടെ പാ‍ർട്ടിയുടെ ദേശീയ നേതൃത്വം. ഇത്രയും ​ഗുരുതരമായ ആരോപണം നേരിടുന്ന മുഖ്യമന്ത്രി അധികാരത്തിൽ പിടിച്ചു തൂങ്ങാതെ രാജിവയ്ക്കണം.

യുഎഇ നയതന്ത്ര കാര്യാലവുമായി ഇടപെടാനുള്ള യാതൊരു അധികാരവും മന്ത്രി കെടി ജലീലിനില്ല. വിദേശകാര്യം കൈകാര്യം ചെയ്യുന്നത് പൂ‍ർണമായും കേന്ദ്രസ‍ർക്കാരാണ്. ഇക്കാര്യത്തിൽ വ‍ർ​ഗീയ കാ‍ർഡ് ഇറക്കാനാണ് ജലീലിൻ്റെ ശ്രമമെങ്കിൽ അതു നല്ലതിനാവില്ല. റംസാൻ മാസവും സക്കാത്തും മന്ത്രി കെ ടി ജലീലിൻ്റെ ഇടപെടലും തമ്മിൽ യാതൊരു ബന്ധവുമില്ല. എല്ലാം അറ്റാഷെയുടെ തലയിലിട്ട് രക്ഷപ്പെടാനാണ് ജലീലിൻ്റെ ശ്രമം. ജലീൽ പുറത്തു വിട്ട വാട്സാപ്പ് സന്ദേശം പോലും സംശയം ജനിപ്പിക്കുന്നതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

 

click me!