ഭരണത്തുടർച്ച ഉണ്ടാകില്ല, സംസ്ഥാനത്തെ ജനവികാരം ബിജെപിക്ക് അനുകൂലമെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Feb 22, 2021, 9:37 AM IST
Highlights

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അഭിപ്രായത്തോട് യോചിക്കാനില്ല. മാത്രമല്ല തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ ഉണ്ടാകില്ലെന്നും സുരേന്ദ്രൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേയോട് പ്രതികരിച്ച് എൻഡിഎ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ഫെബ്രുവരിക്ക് മുമ്പുള്ള സാഹചര്യത്തിലാണ് സർവ്വെ നടന്നതെന്നും തുടർഭരണം പ്രവചിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചില കാര്യങ്ങൾ വസ്തുതാപരമാണെങ്കിലും പൂർണ്ണമായി യോചിക്കാനാവില്ല. രണ്ട് മുന്നണികൾക്കും സുരക്ഷിതമായ ഭാവി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ല. ഭൂരിപക്ഷം എത്താൻ പ്രയാസപ്പെടും. എൻഡിഎയ്ക്ക് മുന്നോട്ട് വരാൻ സാധ്യതയുള്ള ജനവികാരമണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

വിജയയാത്ര ആരംഭിക്കുന്നതിനും പ്രമുഖരായിട്ടുള്ളവർ എൻഡിഎയോട് സഹകരിക്കുന്നതിനും മുമ്പും വരും ദിവസങ്ങളിലെ രാഷട്രീയ പരിണാമങ്ങളും ശ്രദ്ധയിൽ പെടാതെയുമാണ് സർവ്വെ നടന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അഭിപ്രായത്തോട് യോചിക്കാനില്ല. മാത്രമല്ല തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ ഉണ്ടാകില്ല. എൻഡിഎ ഏറെ ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

മാത്രമല്ല, സർവ്വെ അടിസ്ഥാനമാക്കി മാത്രം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താനാകില്ല. കേരളത്തെ രാഷ്ട്രീയമായി മാറ്റിമറിക്കാൻ കഴിയുന്ന പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം, ചില പാർട്ടികളുടെ പിന്തുണ എന്നിവ എൻഡിഎയ്ക്ക് അനുകൂലമായി ഉണ്ടാകും. ശക്തമായ ത്രികോണ മത്സരമായിരിക്കും മിക്ക മണ്ഡലങ്ങളിൽ നടക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം മുസ്ലീം ലീ​ഗിനെ വിശ്വസിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ പോയാൽ കോൺ​ഗ്രസിന്റെ കാര്യം എന്താകുമെന്ന് പറയാൻ കഴിയില്ല. കിറ്റുകൾ നൽകുന്നതാണ് സർക്കാരിന്റെ ഭരണനേട്ടം എന്നുണ്ടെങ്കിൽ അതിനെ നി‍ർഭാ​ഗ്യകരം എന്ന് മാത്രമേ പറയാനാകൂ എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

click me!