Latest Videos

ശബരിമലയില്‍ സ്വർണത്തിലും വെളളിയിലും കുറവ്; സര്‍ക്കാരിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രന്‍

By Web TeamFirst Published May 26, 2019, 12:27 PM IST
Highlights

സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണമെന്ന്...

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടെന്ന് കണ്ടെത്തിയത് അതീവ ഗുരുതരമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ സുരേന്ദ്രന്‍ ഇത്ര ലാഘവത്തോടെയാണോ പ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു. സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, സ്വർണവും വെള്ളിയും സ്ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും. നാളെ 12 മണിക്കാണ് സ്ട്രോങ്ങ്‌ റൂം മഹസർ പരിശോധിക്കുക. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്ട്രോങ് റൂം മഹസ്സർ ആറന്മുളയിലാണ്. ഇവിടെ എത്തിയാകും പരിശോധന.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് 

ശബരിമലയിൽ 2017 മുതൽ ഭക്തർ കാണിക്കയായി സമർപ്പിച്ച നാൽപ്പതു കിലോ സ്വർണ്ണവും നൂറു കിലോ വെള്ളിയും എവിടെയാണുള്ളതെന്നു സംബന്ധിച്ച സംശയം ഓഡിറ്റിംഗിലുണ്ടായ സംഭവം അതീവ ഗുരുതരമാണ്. സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം. കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ട്. ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നത്. യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലേ ?
 

click me!