
കോഴിക്കോട്: തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഭരണത്തിൽ രാജകുടുംബത്തിനുള്ള പങ്കു ശരിവച്ച സുപ്രീംകോടതി വിധി വിശ്വാസികളുടെ വിജയമാണെന്നും സർക്കാരിനേറ്റ തിരിച്ചടിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്ഷേത്രഭരണം പാർട്ടികൾക്ക് നിർവഹിക്കാനുള്ളതല്ല എന്നാണ് വിധിയുടെ അന്തസത്തയെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ സാംഗത്യം ചോദ്യം ചെയ്യുന്നതാണ് സുപ്രീംകോടതി വിധിയെന്നും ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടിനുള്ള തിരിച്ചടി കൂടിയാണ് ഇതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കോടതി വിധി സിപിഎം അംഗീകരിക്കുന്നു എങ്കിൽ സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും പുനപരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്തിൽ ശിവശങ്കറിൻ്റെ ഫ്ളാറ്റ് കേന്ദ്രീകരിച്ചു ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായിട്ടും സർക്കാർ അന്വേഷണം നടത്താത്തത് എന്തു കൊണ്ടാണെന്നും ട്രിപ്പിൾ ലോക്ക്ഡൗണിനിടെ ഗൂഢാലോചന കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam