
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതി ആർഎസ്എസ് പ്രവർത്തകനെന്ന വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. വെളിപ്പെടുത്തൽ കോർപ്പറേഷൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മരിച്ചുപോയ ഒരാളെയാണ് പ്രതിയായി പറയുന്നത്. ഇങ്ങനെയെങ്കിൽ ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാൾ എന്ന് പറഞ്ഞാൽ പോരെയെന്നും ആശ്രമം കത്തിച്ചെന്നതിലെ വെളിപ്പെടുത്തൽ കള്ളക്കേസാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രകാശ് ഈ മാസം ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യയിൽ ഒപ്പമുള്ള ആർഎസ്എസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. സിപിഎം-സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന മതാചാര്യനാണ് സന്ദീപാനന്ദഗിരി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച സംഭവം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ആശ്രമം സന്ദർശിച്ച് പ്രതികളെ പിടികൂടുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നാല് വർഷമായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തത് സർക്കാറിനും പൊലീസിനും തലവേദനയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam