
പാലക്കാട്: കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻ.ഡി.എയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടും. കോൺഗ്രസിനെ മാഫിയ സംഘം ഹൈജാക്ക് ചെയ്തു. സംസ്ഥാനത്ത് എൽഡിഎഫ് - യുഡിഎഫ് ഡീലാണ്. കണ്ണൂരിലെ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കാൻ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
കോൺഗ്രസിൽ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ സ്ഥിതി എന്താണെന്ന് അദ്ദേഹം ചോദിച്ചു. ആ പാർട്ടിയെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോകസഭ തെരഞ്ഞടുപ്പ് തോൽവിയിൽ എംബി രാജേഷ് സ്വന്തം പാർട്ടിയുടെ റിപ്പോർട്ട് മറന്നോ? പാലക്കാട് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ സിപിഎം പടവലങ്ങ പോലെ താഴോട്ടാണ്. ഇ.ശ്രീധരൻ പാലക്കാട് തോറ്റത് ആരുടെ ഡീലിന്റെ ഭാഗമാണ്? അന്ന് ഷാഫി ജയിച്ചപ്പോൾ കോൺഗ്രസിനേക്കാൾ കൂടുതൽ ചിരിച്ചത് സിപിഎമ്മുകാരാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് യുഡിഎഫിനും ചേലക്കരയിൽ എൽഡിഎഫും എന്ന ഡീലാണ് സംസ്ഥാനത്തുള്ളത്. മൂന്നാമത് ഒരാൾ കയറി കളിക്കേണ്ട എന്നാണ് അന്തർധാര. അത് പൊളിയും. എഡിഎമ്മിനെതിരെ യോഗത്തിൽ അനധികൃതമായാണ് ദിവ്യ ഇടപെട്ടത്. പെട്രോൾ പമ്പിലും എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ട്. ദിവ്യ ബിനാമിയാണ്. കളക്ടർക്കെതിരെ നടപടി എടുക്കാത്തതിലും അന്തർധാരയുണ്ട്.
വി.ഡി സതീശൻ പ്രതിയായ പുനർജ്ജനി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട എന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഇതുവരെ വി.ഡി.സതീശനെ ചോദ്യം ചെയ്തിട്ടില്ല. വിഡി സതീശന് ഒട്ടും ആത്മാർത്ഥതയില്ല. 726 കോടി രൂപ കയ്യിൽ ഇരിക്കെ ഒരു പൈസയും കേന്ദ്രം തന്നില്ല എന്നാണ് വയനാടിന്റെ കാര്യത്തിൽ സംസ്ഥാനം പറഞ്ഞത്. ശബരിമലയിൽ തീരാ ദുരിതമാണ്. കുടിവെള്ളം പോലും ലഭിക്കുന്നില്ല. മണ്ഡല കാലം മുഴുവൻ ഇങ്ങനെ പോകാനാണ് എൽഡിഎഫ് തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam