
കോഴിക്കോട്: കാലാകാലങ്ങളായി ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് (Cpim) ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (BJP State President K Surendran). സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനാണ് മുൻ അംബാസിഡർ ടി പി ശ്രീനിവാസനെ എസ്എഫ്ഐക്കാർ മർദ്ദിച്ചത്.
ഇന്ന് സിപിഎം നിലപാട് തിരുത്തുമ്പോൾ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് പത്ത് വർഷം പിറകിലേക്ക് പോയിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ നയം പിണറായി വിജയൻ മാതൃകയാക്കുന്നത് നല്ലത് തന്നെ. പക്ഷെ കേരളത്തിൽ അതിനുള്ള സാഹചര്യം ഇല്ല എന്നുള്ളതാണ് സത്യം. സംസ്ഥാനത്ത് നിക്ഷേപം തുടങ്ങാൻ ശ്രമിച്ച എൻആർഐക്കാരുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. നിക്ഷേപകരെയും സംരംഭകരെയും ആട്ടിയോടിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്.
നരേന്ദ്ര മോദി സർക്കാരിന്റെ വികസന നയമാണ് ഞങ്ങൾ മാതൃകയാക്കുന്നതെന്ന് ജനങ്ങളോട് തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വാശ്രയ കോളേജുകളെയും സ്വയംഭരണാധികാരത്തെയും തള്ളി പറഞ്ഞ സിപിഎം ഭരണത്തിലെത്തിയപ്പോൾ അതെല്ലാം നടപ്പാക്കിയവരാണെന്ന് ജനങ്ങൾക്കറിയാം.
ട്രാക്ക്ടറിനെതിരെയും കംമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത പാരമ്പര്യമുള്ള സിപിഎമ്മുകാർക്ക് എന്നും 20 വർഷം കഴിഞ്ഞാലേ വിവേകമുദിക്കുകയുള്ളൂ. വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്ക് സിപിഎമ്മുകാർ തടസം നിന്നത് കൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തും പോയി മലയാളി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടേണ്ടി വരുന്നത്. വിദേശത്ത് നിന്നും വിദ്യാർത്ഥികൾ പഠിക്കാനെത്തുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളം മാറി കഴിഞ്ഞതായി സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പൊലീസുകാരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്
ആലപ്പുഴ: കെ. റെയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴയിൽ ഇന്നലെ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി സിൽവർ ലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവിടെ സർവ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോൾ നാടൻ ഭാഷയിൽ" സംസാരിക്കേണ്ടി വന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള എംപിയുടെ വിശദീകരണം. അതേസമയം കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും മുളക്കുഴ മേഖലയിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സർവ്വേ കല്ലിടുന്നത് തടഞ്ഞു. ഇതേ തുടർന്ന് പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. ബിജെപി പ്രവർത്തകരെ പിന്നീട് പൊലീസ് നീക്കി.