സാങ്കേതിക സർവ്വകലാശാലയിൽ ഇടപെട്ടിട്ടില്ല, കമ്മിറ്റി രൂപീകരിച്ചത് പരാതി പരിഹരിക്കാനെന്ന് മന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Oct 22, 2019, 7:44 PM IST
Highlights

പരീക്ഷാ നടത്തിപ്പിലെയും മൂല്യനിർണ്ണയത്തിലെയും പരാതി പരിഹരിക്കാനാണ് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. സർവകലാശാലയുടെ അധികാരത്തിൽ കൈ കടത്തിയിട്ടില്ലെന്നും കെ ടി ജലീലിന്‍റെ ഓഫീസ്

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ ഇടപെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്‍റെ ഓഫീസ്. പരീക്ഷാ നടത്തിപ്പിലെയും മൂല്യനിർണ്ണയത്തിലെയും പരാതി പരിഹരിക്കാനാണ് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. സർവകലാശാലയുടെ അധികാരത്തിൽ കൈ കടത്തിയിട്ടില്ലെന്നും വൈസ് ചാൻസലറാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രിയുടെ ഓഫീസ്. സാങ്കേതികസർവകലാശാലയിലെ ചോദ്യപ്പേപ്പർ തയ്യാറാക്കലിനും പരീക്ഷാ നടത്തിപ്പ് പരിഷ്ക്കരണത്തിനും മന്ത്രി നേരിട്ട് ഇടപ്പെട്ടുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. 

സാങ്കേതിക സർവ്വകലാശാലകളുടെ പരീക്ഷാനടത്തിപ്പിനായി മന്ത്രി എക്സാമിനേഷൻ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു.  പരീക്ഷാ കൺട്രോളറുടെ നിയന്ത്രണത്തിലൂണ്ടായിരുന്ന കമ്മിറ്റിയെ മാറ്റിയാണ് ആറംഗ സമിതിക്ക് രൂപം നൽകിയത്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനുള്ള ചുമതലയും ഈ കമ്മിറ്റിക്ക് നൽകിയതാണ് സംശയം വർദ്ധിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതീവരഹസ്യമായി തയ്യാറാക്കേണ്ട ചോദ്യപ്പേപ്പർ പരീക്ഷാ കൺട്രോളർക്ക് പകരം ഈ സമിതിയെ ഏൽപ്പിച്ചതോടെ രഹസ്യസ്വഭാവം നഷ്ടപ്പെടും. സിൻഡിക്കേറ്റിൽ പോലും ചർച്ച ചെയ്യാതെ മന്ത്രിയുടെ ഓഫീസ‌ിൽ നിന്നുള്ള നിർദ്ദേശം അതേപടി വി സി ഉത്തരവായി ഇറക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവിന്‍റെ പുതിയ ആരോപണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്‍റെ പ്രതികരണം. വാർത്താ സമ്മേളനം നടത്തി വിശദീകരണം നൽകാൻ സമയമില്ലെന്ന് മറുപടി നൽകിയ മന്ത്രി കെ ടി ജലീൽ ഗവർണർക്ക് വിശദീകരണം നൽകുമെന്നും വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ വിശദമായ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. 

click me!