
കോന്നി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. പിടി ചാക്കോ മുതൽ രമേശ് ചെന്നിത്തല വരെ പല കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിൻ്റെ കസേരയിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇത്രയും 'സ്വയംപൊങ്ങി 'യായ ഒരു പ്രതിപക്ഷ നേതാവിനെ കേരളത്തിലെ ജനങ്ങൾ കണ്ടിട്ടേ ഇല്ലെന്നാണ് വി ഡി സതീശനെതിരെ കോന്നി എംഎല്‍എ ഉയര്‍ത്തുന്ന വിമര്‍ശനം. കുതികാൽ വെട്ടും , തൊഴുത്തിൽ കുത്തും ,കളം മാറി ചവുട്ടും അടക്കം കളികൾ പലതും കളിച്ചിട്ടും ഒരിക്കൽ പോലും മന്ത്രി കസേരയിൽ ഇരിക്കാൻ കഴിയാതെ പോയതിൻ്റെ കടുത്ത വിഷാദം ആണ് സതീശനെ ബാധിച്ചിരിക്കുന്നതെന്നും ജനീഷ് കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.
ആപത്ത് കാലത്ത് തന്നെ സഹായിച്ച ജി. കാർത്തികേയനെ പുറകിൽ നിന്ന് കുത്തി രമേശ് ചെന്നിത്തല ഗ്രൂപ്പിൽ അഭയം പ്രാപിക്കാനും കാർത്തികേയൻ ആഗ്രഹിച്ച കെപിസിസി അധ്യക്ഷ പദവിയിൽ കണ്ണ് വെയ്ക്കാനും യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത വി ഡി സതീശൻ ഇപ്പോൾ ഗുളിക കഴിക്കും പോലെ ധാർമ്മികതക്ക് ട്യൂഷൻ എടുക്കുന്നത് കാണാൻ നല്ല രസം ഉണ്ടെന്നും ജനീഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. 100 ദിവസത്തിലധികം പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ച മുഹമ്മദ് റിയാസും ജയിലിൻ്റെ അകത്തളം ജോഷിയുടെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള വി ഡി സതീശനും തമ്മിൽ താരതമ്യം ഒന്നുമില്ല .വി ഡി സതീശൻ എന്ന വൾഗർ ഡയലോഡ് സതീശൻ ഇനിയെങ്കിലും ഈ തരം താണ പ്രസ്താവനകൾ അവസാനിപ്പിച്ച് ഇരിക്കുന്ന കസേരയോടുള്ള മാന്യത കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് കോന്നി എംഎല്‍എയുടെ കുറിപ്പ് അവസാനിക്കുന്നത്.
ജെനീഷ് കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പ്രതിപക്ഷ നേതാവിനെ സമയാസമയത്ത് BP യുടെ ഗുളിക കഴിപ്പിക്കാൻ അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും .
ഇടതുപക്ഷ മന്ത്രിമാരേയും സതീശന് ഇഷ്ടമില്ലാത്തവരെയും
വ്യക്തിഹത്യ ചെയ്യുന്നത് അദ്ദേഹം പതിവായി സ്വീകരിച്ചിരിക്കുകയാണ്. പിടി ചാക്കോ മുതൽ രമേശ് ചെന്നിത്തല വരെ പല കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിൻ്റെ കസേരയിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇത്രയും 'സ്വയംപൊങ്ങി 'യായ ഒരു പ്രതിപക്ഷ നേതാവിനെ കേരളത്തിലെ ജനങ്ങൾ കണ്ടിട്ടേ ഇല്ല . എനിക്കറിയാത്തതായി ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലെന്ന ഭാവം ആണ് പ്രതിപക്ഷ നേതാവിന് .ഇത്രയും അഹങ്കാരിയായ പ്രതിപക്ഷ നേതാവിനെ കേരളം ഇന്നേ വരെ കണ്ടിട്ടില്ല . മന്ത്രിമാരായ വീണ ജോർജ്ജിനേയും ,മുഹമ്മദ് റിയാസിനേയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് അദ്ദേഹം പതിവാക്കിയിരിക്കുകയാണ് . കുതികാൽ വെട്ടും , തൊഴുത്തിൽ കുത്തും ,കളം മാറി ചവുട്ടും അടക്കം കളികൾ പലതും കളിച്ചിട്ടും ഒരിക്കൽ പോലും മന്ത്രി കസേരയിൽ ഇരിക്കാൻ കഴിയാതെ പോയതിൻ്റെ കടുത്ത വിഷാദം ആണ് VD സതീശനെ ബാധിച്ചിരിക്കുന്നത്. ആ വിഷാദം മൂത്ത് കടുത്ത അസൂയാലുവായിരിക്കുകയാണ് അദ്ദേഹം . അതിൻ്റെ അവസാനത്തെ ഉദാഹരണമാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ . മാനേജ്മെൻറ് ക്വാട്ട പരാമർശം മറ്റാരേക്കാൾ നന്നായി സ്വയം ചേരുന്ന നേതാവാണ് VD സതീശൻ . തനിക്ക് പകരം KC വേണുഗോപാലിനെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആക്കിയപ്പോൾ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് വക്കീൽ പണിക്ക് പോയ ആളാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ് . 1996 ൽ NDP ഐക്യജനാധിപത്യ മുന്നണി വിട്ടപ്പോൾ ഒഴിവ് വന്ന പറവൂർ സീറ്റിന് വേണ്ടി ഒരേ സമയം കെ കരുണാകരനേയും , ജി കാർത്തികേയൻ വഴി എ കെ ആൻറണിയേയും മണിയടിച്ച് സീറ്റ് കരസ്ഥമാക്കിയ VD സതീശന് തന്നെ മാനേജ്മെൻറ് സീറ്റിനെ പറ്റി പറയാൻ എന്ത് കൊണ്ടും യോഗ്യൻ !!
ആപത്ത് കാലത്ത് തന്നെ സഹായിച്ച ജി. കാർത്തികേയനെ പുറകിൽ നിന്ന് കുത്തി രമേശ് ചെന്നിത്തല ഗ്രൂപ്പിൽ അഭയം പ്രാപിക്കാനും കാർത്തികേയൻ ആഗ്രഹിച്ച KPCC അധ്യക്ഷ പദവിയിൽ കണ്ണ് വെയ്ക്കാനും യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത VD സതീശൻ ഇപ്പോൾ ഗുളിക കഴിക്കും പോലെ ധാർമ്മികതക്ക് ട്യൂഷൻ എടുക്കുന്നത് കാണാൻ നല്ല രസം ഉണ്ട്. 2004 ലും ,2011ലും മന്ത്രിയാവാൻ ചരടുവലി നടത്തി പരാജയപ്പെട്ട സതീശൻ ഏറെ കാലം ചെന്നിത്തലയുടെ വിശ്വസ്തനായി കൂടെ നടന്നു .ഒടുവിൽ പ്രതിപക്ഷ നേതാവ് ആകാൻ വേണ്ടി അതേ ചെന്നിത്തലയുടെ കാലും വാരി. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ ലഭിക്കാതെ പോയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ 'ഹരിത സംഘം' ഉണ്ടാക്കി VD സതീശനും സംഘവും നടത്തിയ ആക്ഷേപങ്ങൾ പലതും ഇന്നും പൊതു ഇടത്തിൽ ലഭ്യമാണെന്നത് സതീശൻ മറന്ന് പോകരുത് .
സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാടിൻ്റെ കുപ്പായം മാറി മാറി അണിയുന്ന സതീശനിൽ നിന്ന് ഇവിടുത്തെ ഇടതുപക്ഷ മന്ത്രിമാർക്ക് ഒന്നും പഠിക്കാനില്ല . ആവശ്യം കഴിഞ്ഞാൽ ആരെയും തള്ളി പറയാൻ മടിയില്ലാത്ത നേതാവ് ആണ് VD സതീശനെന്ന് പറഞ്ഞത് Nടട ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് .ഒന്നര മണിക്കൂറോളം Nടട ജനറൽ സെക്രട്ടറിയോട് പിന്തുണ അഭ്യർത്ഥിച്ച് സംസാരിച്ചുവെന്നും ജയിച്ചപ്പോൾ താൻ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങിയിട്ടില്ലെന്ന് പറയാൻ മടി കാണിച്ചില്ലാത്ത നേതാവ് ആണ് സതീശൻ .സതീശൻ ജയിക്കാൻ വേണ്ടി RSS ൻ്റെ സഹായം തേടി എന്ന് ഹിന്ദു ഐക്യവേദി നേതാവ് RV ബാബു ആരോപിച്ചതും ,തെളിവായി ഗോൾവാൾക്കറിന്റെ ചിത്രത്തിന് വിളക്കു കൊളുത്തുന്നതും നമ്മൾ കണ്ടതാണ് . സ്വന്തം നേട്ടത്തിന് വേണ്ടി ആരുടെ കൂടെ കൂടാനും ,ആരെയും തള്ളി പറയാനും മടി കാണിച്ചിട്ടില്ലാത്ത VD സതീശ നിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് മന്ത്രി മുഹമ്മദ് റിയാസിന് ഉണ്ടായിട്ടില്ല. VD സതീശനെ പോലെ നൂലിൽ കെട്ടിയിറങ്ങി നേതാവ് ആയ ആളല്ല സഖാവ് മുഹമ്മദ് റിയാസ് .എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ്.ജോസഫ് സ്കൂളിലെ യൂണിറ്റ് പ്രസിഡന്റ് ആയി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ആളാണ് ഇപ്പോഴത്തെ സഖാവ് മുഹമ്മദ് റിയാസ് ,DYFI യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യ പ്രസിഡൻ്റ് വരെയായി പ്രവർത്തിച്ച ,CPIM ൻ്റെ ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയുള്ള പദവികൾ വഹിച്ച മുഹമ്മദ് റിയാസിനെ കേവലം മുഖ്യമന്ത്രിയുടെ മരുമകൻ ആയത് കൊണ്ട് മാത്രം മന്ത്രി സ്ഥാനത്ത് എത്തി എന്നാക്ഷേപിക്കുന്നത് സതീശൻ കണ്ടു വളർന്ന രാഷ്ട്രീയ സംസ്ക്കാരം വെച്ചാണ് . 100 ദിവസത്തിലധികം പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ച മുഹമ്മദ് റിയാസും ജയിലിൻ്റെ അകത്തളം ജോഷിയുടെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള VD സതീശനും തമ്മിൽ താരതമ്യം ഒന്നുമില്ല .VD സതീശൻ എന്ന വൾഗർ ഡയലോഡ് സതീശൻ ഇനിയെങ്കിലും ഈ തരം താണ പ്രസ്താവനകൾ അവസാനിപ്പിച്ച് ഇരിക്കുന്ന കസേരയോടുള്ള മാന്യത കാണിക്കണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam