
തിരുവനന്തപുരം: വഴിപാടായി കിട്ടിയ സ്വര്‍ണത്തെ ചൊല്ലി ശബരിമലയില്‍ നിന്ന് പുറത്തുവന്ന പുതിയ വിവാദത്തില്‍ ദേവസ്വം പ്രസിഡന്‍റിന്‍റെ വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാളെ രാവിലെ വിശദീകരണം കിട്ടും. എല്ലാ രീതിയിലുള്ള പരിശോധനയും നടക്കട്ടെ എന്നും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാൽ കർശനമായ നടപടി ഉണ്ടാകുമെന്നും കടകംപള്ളി അറിയിച്ചു.
അതേസമയം ശബരിമലയിലേത് തീര്‍ത്തും അനാവശ്യമായ വിവാദമാണെന്നാണ് ദേവസ്വം ബോര്ഡ് പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ വാദം. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു ഉദ്യോഗസ്ഥനാണ്. ഒരു തരി സ്വര്‍ണം പോലും ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ടില്ല. ഉണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓഡിറ്റിംഗിന് അനുകൂലമായ സാഹചര്യമുണ്ടായത്. മോഹനന്‍ എന്ന ഈ ഉദ്യോഗസ്ഥന്‍ തന്‍റെ ചുമതല കൈമാറാത്തതിനാലാണ് ദേവസ്വം ബോര്‍ഡ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് ചുമതല കൈമാറും മുന്‍പ് ഓഡിറ്റിംഗ് നടത്തണമെന്ന് ചട്ടം പാലിച്ചാണ് നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കുക്കുന്നതെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്‍റ് പറഞ്ഞു.
ശബരിമലയില്‍ വഴിപാടായി ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി എന്നിവയുടെ അളവ് സംബന്ധിച്ചാണ് ആശയക്കുഴപ്പം. വഴിപാട് വസ്തുകളുടെ കണക്കെടുപ്പില്‍ നാല്‍പ്പത് കിലോ സ്വര്‍ണം, നൂറ് കിലോയിലേറെ വെള്ളി എന്നിവയുടെ കുറവ് കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കുറവ് വന്ന വസ്തുക്കള്‍ ശബരിമല സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതായി രേഖകളില്‍ കാണുന്നില്ല. ഇതേ തുടര്‍ന്ന് സ്ട്രോംഗ് റൂം അടിയന്തരമായി തുറന്ന് പരിശോധിക്കാന്‍ ദേവസ്വം ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചു. കണക്കെടുപ്പിനായി നാളെ ശബരിമല സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. കുറവ് വന്ന സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലും ഇല്ലെങ്കില്‍ വന്‍വിവാദത്തിലാവും ദേവസ്വം ബോര്‍ഡും സര്‍ക്കാരും അകപ്പെടുക.
2017-ന് ശേഷം മൂന്ന് വര്‍ഷത്തെ വഴിപാട് വസ്തുകളാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകള്‍ ഇല്ലാത്തത്. നാളെ 12 മണിക്കാണ് സ്ട്രോംഗ് റൂം മഹസര്‍ പരിശോധിക്കുക. ആറന്മുളയിലുള്ള സ്ട്രോംഗ് റൂം മഹസറാണ് പരിശോധിക്കുക. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam