Kadakkavoor Pocso Case: കടയ്ക്കാവൂർ പോക്സോ കേസ്; ആരോപണം വ്യാജം, അമ്മയെ കുറ്റവിമുക്തയാക്കി

By Web TeamFirst Published Dec 4, 2021, 5:24 PM IST
Highlights

പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. 

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില്‍ (Kadakkavoor Pocso Case) പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. 

Read Also: അശ്ലീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചപ്പോൾ കുതന്ത്രം; കടയ്ക്കാവുരിലെ കുട്ടി അമ്മയ്‍ക്കെതിരെ മെനഞ്ഞത് ഇല്ലാക്കഥ

കടയ്ക്കാവൂർ സ്വദേശിയായ നാല് കുട്ടികളുടെ അമ്മയെ ഡിസബംറിലാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസ്സുകാരനായ രണ്ടാമത്തെ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. എന്നാല്‍ പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ യുവതിയുടെ മൂത്തകൂട്ടി ഉറച്ച് നിന്നു. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചെന്നായിരുന്നു സ്ത്രീയുടെ വാദം.  

മകന്‍റെ വ്യാജ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്താൻ കോടതി നിർ‍ദ്ദേശിച്ചു. ഡോ. പി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. 

എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചു. മാനസികാരോഗ്യ വിദ​ഗ്ധര്‍ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. 

കേസിന് പിന്നിൽ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അമ്മക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈഎസ്പി പ്രമോദ് കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ആദ്യം അന്വേഷിച്ച കടക്കാവൂർ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്നതായിരുന്നു പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ട്.

click me!