
കൊച്ചി: കടമക്കുടിയിലെ ദമ്പതികളുടെ ആത്മഹത്യയെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ആത്മഹത്യ ചെയ്ത ശില്പയുടെയും നിജോയുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തെളിവുകൾ ലഭിച്ചാൽ ലോൺ വായ്പ തട്ടിപ്പ് സംഘത്തിനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മരിച്ച ശില്‍പയുടെ ഫോണ്‍ ഇന്നലെ പരിശോധനയ്ക്കായി അങ്കമാലിയിലെ സൈബര്‍ ഫൊറന്‍സിക്ക് യൂണിറ്റിന് കൈമാറിയിരുന്നു. നമ്പര്‍ ലോക്കുള്ള ഫോണില്‍ ഇത് മറികടന്നുള്ള വിശദമായ പരിശോധന അനിവാര്യമാണ്. ശില്‍പയ്ക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്തിയ ഫോണുകളും തെളിവിനായി പൊലീസ് ശേഖരിക്കും. മരിച്ച നിജോയുടെ അമ്മയടക്കമുള്ളവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.
ഓൺലൈൻ വായ്പ്പാ തട്ടിപ്പില്‍ കുടുങ്ങി എറണാകുളം കടമക്കുടിയിൽ മക്കളെക്കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആത്മഹത്യ ചെയ്ത ശിൽപയുടെ മൊബൈല്‍ഫോണില്‍ നിന്ന് ആപ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. ഒപ്പം ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ വീടിനു സമീപത്തെ ഒരു ബാങ്കിലും ഇവര്‍ക്ക് കടബാധ്യത ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്.
ഇതിനിടെ നിജോയുടെ കൂടുതല്‍ സാമ്പത്തിക ബാധ്യതയുടെ വിവരങ്ങള്‍ പൊലീസിന് കിട്ടി. ലോൺ തിരിച്ചടക്കണമെന്നാവശ്യപെട്ട് കേരള ഗ്രാമീണ ബാങ്ക് നിജോക്കയച്ച നോട്ടീസ് വീട്ടിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മൂന്നു ലക്ഷത്തോളം രൂപയാണ് ഈ ബാങ്കില്‍ തിരിച്ചടക്കാനുള്ളത്. വരാപ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപെട്ട് എസ് എച്ച് ഒ അസാമിലായതിനാല്‍ വടക്കേക്കര എസ് എച്ച് ഒക്കാണ് ഇപ്പോള്‍ ഈ കേസ് അന്വേഷണത്തിന്‍റെ ചുമതല. കൂനമ്മാവിലുള്ള ഫെഡറൽ ബാങ്ക് ശാഖയിലാണ് ശിൽപയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്‍റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam