
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ കോടതി വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി രാവിലെ രജനിയെ കോടതിയിൽ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു രജനിയുടെ മറുപടി. ഒന്നാം പ്രതിക്ക് പുറമെ രണ്ടാം പ്രതിയായ രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ അരുംകൊലയിലെ ഒന്നാം പ്രതിയായ പ്രബീഷിന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ രജനിയും കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവര്‍ മറ്റൊരു കേസിൽ ജയിലിലായിരുന്നതിനാൽ ഇവര്‍ക്കുള്ള ശിക്ഷാവിധി മാറ്റിവെക്കുകയായിരുന്നു. മയക്കുമരുന്ന് കേസിൽ ഒഡീഷയിൽ ജയിലിലായിരുന്നു രജനി. ജയിലിലുള്ള രജനിയെ ഇന്ന് കേരള പൊലീസ് കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി പ്രബീഷിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും രണ്ടാം പ്രതിയായ രജനിക്കെതിരെയും ചുമത്തിയിരുന്നു. ഇന്ന് മൂന്നേകാലോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
2021 ജൂലൈ ഒന്‍പതിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയെന്ന ഗര്‍ഭിണിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 2021 ജൂലൈ പത്തിനാണ് അനിതയുടെ മൃതദേഹം പൂക്കൈതയാറിൽ നിന്ന് കണ്ടെത്തിയത്. കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് പ്രബീഷിനെയും രജനിയെയും പിടികൂടുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷും ഇയാളുടെ സുഹൃത്തും കൈനകരി സ്വദേശിനിയുമായ രജനിയുമാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയും രജനിയുമായും അടുപ്പത്തിലായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അനിത ഗര്‍ഭിണിയായതോടെ പ്രബീഷ് അവരെ ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ, അനിത വിസമ്മതിച്ചു. ഇതോടെ രജനിയുടെ സഹായം തേടി പ്രബീഷ് അനിതയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. രജനിയുടെ വീട്ടിൽ വെച്ച് രണ്ടുകുട്ടികളുടെ അമ്മയായ അനിതയെ പ്രബീഷ് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാൻ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ഇതോടെ കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേര്‍ന്ന് അനിതയെ പൂക്കൈതയാറിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. കേസ് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.