
കൊല്ലം: കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി (Dam opened). രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഉയർത്തിയത്. 30 സെൻ്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. അണക്കെട്ടിലെ റൂൾ കർവ് നിലനിർത്താനാണ് ഷട്ടറുകൾ ഉയർത്തിയത് (Dam Management).
നദികളിൽ ജലനിരപ്പ് കാര്യമായ ഉയരാത്ത രീതിയിലാവും വെള്ളം തുറന്നു വിടുകയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാൽ ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്താനാണ് ഷട്ടറുകൾ തുറന്നിരിക്കുന്നതെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളിൽ മഴ പെയ്യുകയും കൂടുതൽ വെള്ളം ഡാമിലേക്ക് എത്തുകയും ചെയ്താൽ ബുദ്ധിമുട്ടാണ്ടാകാതിരിക്കാനാണ് മഴ മാറി നിൽക്കുന്ന സമയത്ത് ഡാം തുറന്നത്.
12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് തീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഐഎംഡി യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും നാളെ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.
മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam