
ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടെന്ന് കലയുടെ സഹോദരൻ അനിൽകുമാർ. ഒന്നും പ്രതിയായ അനിലിന്റെ കുടുംബത്തിനും കേസിൽ പങ്കുണ്ടെന്ന് അനിൽ കുമാർ ആരോപിച്ചു. അനിലിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യണം. കേസിൽ സാക്ഷിയായ സുരേഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം അറിഞ്ഞിട്ട് ഇത്രയും വർഷം എന്തിന് സുരേഷ് മറച്ചു വെച്ചു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ട്. പ്രതികൾക്ക് ശിക്ഷ കിട്ടും എന്നാണ് വിശ്വസിക്കുന്നതെന്നും അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്‍റെ നീക്കം. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 21 അംഗ സംഘത്തെയാണ് കേസന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ ഒന്നാം പ്രതിയായ കലയുടെ ഭർത്താവ് അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
കേസിൽ നാല് പ്രതികളെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാല് പേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam