നീന പ്രസാദിൻ്റെ നൃത്തം തടസപ്പെട്ട സംഭവം; അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കലാം പാഷ

By Jithi RajFirst Published Apr 2, 2022, 1:40 PM IST
Highlights

നിയമം സംരക്ഷിക്കേണ്ടവരാണ് നിയമം ലംഘിക്കുന്നത്. കോടതിയലക്ഷ്യ നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അഭിഭാഷകരും ന്യായാധിപരും നാണയത്തിൻ്റെ ഒരു വശമാണെന്നും കലാം പാഷ

പാലക്കാട്: ഡോ. നീന പ്രസാദിൻ്റെ മോഹിനിയാട്ടം തടസപ്പെട്ട സംഭവം പാലക്കാട് കോടതിയിലെ അഭിഭാഷകരുടെ സമരത്തെ വിമർശിച്ച് ജില്ലാ ജഡ്ജ് കലാം പാഷ. അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് പാഷ പറഞ്ഞു. നിയമപ്രകാരം കലക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയിലെ സമരത്തിനെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാൽ ഏറ്റവും വേദനിക്കുന്നത് താനായിരിക്കുമായിരുന്നുവെന്ന് കലാം പാഷ പറഞ്ഞു. 

നിയമം സംരക്ഷിക്കേണ്ടവരാണ് നിയമം ലംഘിക്കുന്നത്. കോടതിയലക്ഷ്യ നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അഭിഭാഷകരും ന്യായാധിപരും നാണയത്തിൻ്റെ ഒരു വശമാണെന്നും അദ്ദേഹം പറഞ്ഞു. താൻസകല കലകളെയും ബഹുമാനിക്കുന്ന വ്യക്തിയാണ്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യത്തിനാണ് കോടതിവളപ്പിലും പുറത്തും പ്രതിഷേധം നടന്നത്. നിയമ വിദ്യാർത്ഥികൾക്കായി ബാർ കൗൺസിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചതെന്ന് നീന പ്രസാദ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. സ്കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നര്‍ത്തകി നീന പ്രസാദ് ആരോപിച്ചിരുന്നു. ജില്ലാ ജഡ്ജിക്ക് ശബ്ദം കാരണം ബുദ്ധിമുട്ടുണ്ടായതോടെ സംഘാടകരോട് പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാപ്രസാദ് പറഞ്ഞിരുന്നു.

click me!