
തൃശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു.
സാംസ്കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.അതേസമയം, താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കലാമണ്ഡലം സത്യഭാമ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
സത്യഭാമയുടെ വിവാദ പരാമര്‍ശം:
"മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.
അതേസമയം, കറുത്ത നിറമുള്ളവര്‍ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.തന്‍റെ തൊഴില്‍ ഇല്ലാതാക്കിയ കലാകാരനെ പിന്നെ താൻ എന്ത് പറയണമെന്നും സത്യഭാമ ചോദിച്ചു. കലാരംഗത്ത് പല പ്രശ്നങ്ങള്‍ തരണം ചെയ്ത് പോകുന്ന കാലഘട്ടമാണിതെന്നും 2017-18 കാലഘട്ടത്തില്‍ ഞാൻ കലാമണ്ഡം ബോര്‍ഡില്‍ ഇരിക്കുന്ന സമയത്ത് പല മത്സരങ്ങള്‍ക്കും കുട്ടികളെ കൊണ്ടുപോയിട്ടുള്ള ഒരു കലാകാരനെതിരെ താൻ കേസ് കൊടുത്തിട്ടുണ്ടെന്നും സത്യഭാമ പറഞ്ഞു. ആരാണെന്ന് പറയുന്നില്ല. പരാമര്‍ശത്തില്‍ ഉറച്ചുനിന്ന സത്യഭാമ രാമകൃഷ്ണൻ ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam