
കൊച്ചി: കളമെശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് എന്‍ ഐ എ കോടതി.തടിയന്‍റവിട നസീറിനും, സാബിർ ബുഹാരിക്കും ഏഴുവർഷം തടവും താജുദീന് ആറുവർഷം തടവുമാണ് വിധിച്ചത്.താജുദീന് ആറുവർഷം തടവ്.റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി പരിഗണിക്കും.കുറ്റക്കാർക്ക് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.തടിയന്‍റവിട നസീറിന് 1,75000 രൂപയാണ് പിഴ
സാബിർ 175000 രൂപയും താജുദ്ദീൻ 110000 രൂപയും പിഴയൊടുക്കണം
.കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിൽ പ്രതികളായ തടിയന്‍റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂർത്തിയാക്കാതെ വിധി പ്രസ്താവിച്ചത്.
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ തമിഴ്നാട് സർക്കാർ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്‍റെ ബസ് 2005 സെപ്റ്റബർ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയിൽ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കേസിന്‍റെ വിസ്താരം പൂർത്തായാകും മുന്പേ തന്നെ തടിയന്‍റവിട നസീർ അടക്കമുളള മൂന്ന് പ്രതികൾ തങ്ങൾ കുറ്റമേൽക്കുന്നതായി കോടതിയെ അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി. ബസ് കത്തിക്കൽ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലിൽ കഴിഞ്ഞതിനാൽ റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികൾ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് സമാനമായ രീതിയിൽ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam