ലീഗ് സീറ്റില്‍ കോണ്‍ഗ്രസ് വിമതന്; കളമശേരിയില്‍ ആശങ്കയോടെ യുഡിഎഫ്, അവസരം മുതലാക്കാന്‍ എല്‍ഡിഎഫ്

By Web TeamFirst Published Jan 19, 2021, 7:36 AM IST
Highlights

ലീഗ് സിറ്റിംഗ് സീറ്റിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയില്‍ വിമതനായി ഷിബു സിദ്ധിഖ് മത്സരിക്കുന്നത്. യുഡിഎഫിലുണ്ടായ ഭിന്നതയിൽ സീറ്റ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. അത് കൊണ്ട് തന്നെ 37-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരം ചെറുതല്ല.

കൊച്ചി: കളമശേരി നഗരസഭ 37-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതൻ സ്ഥാനാർത്ഥിയായതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. ലീഗ് സിറ്റിംഗ് സീറ്റിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയില്‍ വിമതനായി ഷിബു സിദ്ധിഖ് മത്സരിക്കുന്നത്.

യുഡിഎഫിലുണ്ടായ ഭിന്നതയിൽ സീറ്റ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പിലൂടെയാണ് കളമശേരിയില്‍ യുഡിഎഫ് ഭരണം പിടിച്ചത്. അത് കൊണ്ട് തന്നെ 37-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരം ചെറുതല്ല.

ലീഗിന്‍റെ സിറ്റിംഗ് സീറ്റിലാണ് മത്സരം. യുഡിഎഫ് സീറ്റ് നൽകിയത് ലീഗ് യുവനേതാവായ വി എസ് സമീലിനാണ്. എന്നാൽ, കോൺഗ്രസിലെ പ്രാദേശിക യുവ നേതാക്കളുടെ പിന്തുണയിലാണ് തന്റെ മത്സരമെന്നാണ് വിമത സ്ഥാനാർത്ഥി പറയുന്നത്. ഇതോടെ യുഡിഎഫിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാൻ ശക്തമായ പ്രചാരണമാണ് മുന്നണി വാർഡിൽ നടത്തുന്നത്.

വിമത സാന്നിദ്ധ്യം ജയസാധ്യതയെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം. ലീഗ്-കോൺഗ്രസ് പോരിൽ ഇക്കുറി വാർഡിൽ അട്ടിമറി വിജയമെന്നാണ് എൽഡിഎഫിന്‍റെ അവകാശവാദം ഉന്നയിക്കുന്നത്. റഫീക്ക് മരിക്കാര്‍ ആണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. കളമശേരി നഗരസഭ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച ലീഗ് വിമതൻ ഭരണം കിട്ടിയതോടെ കഴിഞ്ഞ ദിവസം യുഡിഎഫ് ക്യാംപിലെത്തിയിട്ടുണ്ട്.

ഇതോടെ കക്ഷിനില 19 - 21ആയി. ജയിച്ചാൽ പിന്തുണ യുഡിഎഫിന് തന്നെയെന്നാണ് കോൺഗ്രസ് വിമതനും പറയുന്നത്. സംസ്ഥാനത്ത് നികുതി വരുമാനത്തിൽ പ്രമാണിയായ കളമശേരിയിൽ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഭരണം ഉറപ്പിക്കാനായതിന്‍റെ ആശ്വാസത്തിലാണ് തത്കാലം യുഡിഎഫ്. 

click me!