
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു. ഏകപ്രതിയെന്ന് പൊലീസ് ഉറപ്പിച്ച ഡൊമനിക് മാര്‍ട്ടിനില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഫോടനത്തില്‍ മൂന്ന് പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സ്ഫോടനമുണ്ടായിട്ടും കൊച്ചിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ആരോപണമുയരുന്നുണ്ട്. സേനയിലെ അംഗബലം കൂട്ടാതെ ഒന്നും നടക്കില്ലെന്നാണ് പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യം നടുങ്ങിയ ഞായറാഴ്ചയിൽ സ്ഫോടനം ആളിപ്പടര്‍ന്നപ്പോള്‍ കളമശ്ശേരി പിന്നിട്ടത് നെഞ്ചിടിപ്പിന്‍റെ മണിക്കൂറുകള്‍. വൈകിട്ടോടെ ഡൊമനിക്ക് മാര്‍ട്ടിന്‍ എന്ന തമ്മനം സ്വദേശി കുറ്റമേറ്റുപറഞ്ഞ് പൊലീസിനു മുന്നില്‍ കീഴടങ്ങി. യഹോവയുടെ സാക്ഷികളോടുള്ള ഒടുങ്ങാത്ത പകയാണ് ബോംബിടാന്‍ കാരണമെന്ന് ഡൊമിനിക് വ്യക്തമാക്കി. ഫോണില്‍ ചിത്രീകരിച്ച തെളിവുകളെല്ലാം പൊലീസിന് കൈമാറി. കൃത്യത്തിൽ ഡൊമനിക്ക് മാത്രമാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നിരാലംബരായ മൂന്ന് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേർ ഇപ്പോഴും ജീവനുവേണ്ടി മല്ലിടുകയാണ്. യുഎപിഎ ചുമത്തിയിട്ടും കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടില്ല. മെട്രോനഗരത്തെയാകെ വിറപ്പിച്ച സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ നഗരസുരക്ഷയില്‍ പ്രത്യേകിച്ച് ഒരു മാറ്റവുമില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. മുപ്പത് ലക്ഷത്തിലേറെ ജനങ്ങളുള്ള ഇടമാണിത്. ദിനംപ്രതി വന്നുപോകുന്നവര്‍ വേറെയുമുണ്ട്. ഇവര്‍ക്കെല്ലാം സുരക്ഷയൊരുക്കാന്‍ കൊച്ചി കമ്മീഷണറേറ്റിലെ 30 പൊലീസ് സ്റ്റേഷനുകളിലായി ആകെയുള്ളത് 2000ത്തോളം പൊലീസുകാര്‍ മാത്രം. അംഗബലം കൂട്ടാതെ രക്ഷയില്ലെന്നാണ് സേനക്കുള്ളിലെ പൊതു സംസാരം. കുറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളിലെങ്കിലും സ്മാര്‍ട്ട് ആവണമെന്ന് പൊലീസുകാര്‍ അടക്കം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam