
കൊച്ചി: വിവാദമായ കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിന്‍റെ അച്ഛൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമാണ് പിതാവിന്‍റെ മൊഴി. അതേസമയം, പൊലീസ് അന്വേഷണം പുരോഗമിക്കെ തൃപ്പൂണിത്തുറയിലെ ദമ്പതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.
കളമശേരി വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അന്വേഷണം കുഞ്ഞിനെ മാതാപിതാക്കൾ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയതിലെ നിയമപ്രശ്നങ്ങൾ സംബന്ധിച്ചാണ്. ദത്ത് അല്ലെന്നിരിക്കെ കൈകുഞ്ഞിനെ അനൂപും ഭാര്യയും കൈവശപ്പെടുത്തിയതിലെ അന്വേഷണമാണ് ഒടുവിൽ പിതാവിൽ എത്തി നിൽക്കുന്നത്. സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരായ പത്തനംതിട്ട സ്വദേശിയായ പിതാവ് വിവരങ്ങൾ കൈമാറി. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും കുഞ്ഞായ ശേഷം വളർത്താൻ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് അമ്മ തൊട്ടിലിൽ ഉപേക്ഷിക്കാനിയിരുന്നു നീക്കം. ഈ സമയമാണ് സുഹൃത്ത് തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കാര്യം അറിയിക്കുന്നത്. തുടർന്ന് ഒരു സാമ്പത്തിക കൈമാറ്റവും നടത്താതെ വളർത്താനായി അനൂപിനും ഭാര്യക്കും കൈമാറുകയായിരുന്നുവെന്നാണ് പിതാവിന്‍റെ മൊഴി.
Also Read: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്:കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾ പ്രതികളാകും
അതേസമയം, കുഞ്ഞിന്‍റെ അമ്മയുടെ മൊഴി എടുത്തിട്ടില്ല. കളമശേരി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കവെ കുഞ്ഞിനെ വളർത്തിയ തൃപ്പൂണിത്തുറയിലെ ദമ്പതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. വ്യാജ രേഖ ചമച്ച കേസിൽ പ്രതിയാകുമെന്നിരിക്കെയാണ് ദമ്പതികളുടെ നീക്കം. ഇരുവരുടെയും മൊഴിയെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസിലെ പ്രധാന പ്രതിയായ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാറിനെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം, മെഡിക്കൽ കൊളെജ് സൂപ്രണ്ട് ഗണേഷ് മോഹനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നാളെ പ്രതിഷേധം സംഘടിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam