അനാസ്ഥ മുൻപും; രോഗിയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് ബന്ധുക്കൾ, കളമശേരി മെഡിക്കൽ കോളേജിനെതിരെ കൂടുതൽ ആരോപണം

By Web TeamFirst Published Oct 21, 2020, 9:05 AM IST
Highlights

കൊവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ച ബൈഹക്കിയുടെ ബന്ധുക്കൾ, ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാൻ വൈകിയെന്ന ആരോപണവുമായി രംഗത്ത് വന്നു

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ അനാസ്ഥക്കെതിരെ ആരോപണവുമായി കൂടുതൽ പേർ രംഗത്ത് വന്നു. കൊവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കൾ ആണ് പരാതിയുമായെത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റാൻ വൈകിയെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കൾ ആരോപിച്ചു. വെന്റിലേറ്ററിലേക്ക് ഉടൻ മാറ്റുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും മാറ്റിയില്ലെന്നും ഇതിനിടെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയിൽ മികച്ച പരിചരണം ലഭിച്ചില്ലെന്ന് രോഗി തന്നെ പറഞ്ഞെന്നും ബന്ധുക്കൾ. ആശുപത്രിയിൽ നിന്നും ബൈഹക്കി അയച്ച ഓഡിയോ സന്ദേശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വിവരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് പൊലീസിനെ സമീപിച്ചത്.

അതേസമയം സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന കളമശേരി മെഡിക്കൽ കോളേജിന്റെ വാദമാണ് തള്ളിയത്. ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കൽ കോളേജ് അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തിൽ അണുബാധയെന്നാണ് അറിയിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടർമാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവിൽ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ്  മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

click me!