പിടിച്ചെടുത്ത 19 തോക്കിനും ലൈസൻസില്ല; വന്നത് കശ്മീരിൽ നിന്ന്; കളമശേരി പൊലീസ് കേസെടുത്തു

By Web TeamFirst Published Sep 7, 2021, 11:20 AM IST
Highlights

ഈ തോക്കുകളുടെ രജിസ്ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി ജില്ലാ കളക്ടറുകമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്റെ സാധുത പൊലീസ് പരിശോധിക്കും

കൊച്ചി: ലൈസൻസില്ലാതെ സുരക്ഷാ ഏജൻസികൾ കൈവശം വെച്ചിരുന്ന തോക്കുകൾ പിടികൂടിയ സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തു. പൊലീസ് 19 തോക്കുകളാണ് പിടികൂടിയത്. ഇവയ്ക്കൊന്നിനും ലൈസൻസില്ലായിരുന്നു. ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. എസ്‌എസ്‌വി സെക്യൂരിറ്റി സ്ഥാപനത്തിനെതിരെയാണ് കേസ്. ജമ്മു കശ്മീരിൽ നിന്നാണ് തോക്കുകൾ കൊണ്ടുവന്നതെന്നാണ് വിവരം.

എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്വകാര്യ ഏജൻസിക്കുവേണ്ടിയാണ് തോക്കുകൾ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ 5 തോക്കുകൾ പിടികൂടിയിരുന്നു. ഇതിന് തുടർച്ചയായി കൊച്ചിയിൽ നടത്തിയ റെയ്ഡിലാണ് 19 എണ്ണം കൂടി കണ്ടെടുത്തത്. ഇതിന്‍റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

രജൗരിയിൽ നിന്ന് കൊണ്ടുവന്ന തോക്കുകൾ കൊച്ചിയിൽ ഉപയോഗിക്കുന്പോൾ ഇവിടുത്തെ എഡിഎമ്മിന്‍റെ അനുമതി കൂടി ആവശ്യമാണ്. എന്നാൽ ഇത്തരം രേഖകളൊന്നും ഇത് കൈവശം വച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കശ്മീർ സ്വദേശികളടക്കമുളള തോക്ക് കൈവശം വെച്ച സുരക്ഷാ ജീവനക്കാർക്ക് എതിരേ കേസെടുത്തിരിക്കുന്നത്. 

എടി എമ്മിൽ പണം നിറയ്ക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്ഥാപനത്തിന് ഈ സുരക്ഷാ ജീവനക്കാരെ എത്തിച്ചത് മറ്റൊരു സ്വകാര്യ സ്ഥാപനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർക്കെതിരെയും ആയുധ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇപ്പോൾ കശ്മീരിലുണ്ട്. അവരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിൽ പിടികൂടിയ തോക്കിനും ലൈസൻസില്ലെന്ന് വ്യക്തമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!